തെന്മല: വിഷുവിന് ദിവസങ്ങൾ ശേഷിക്കെ മിക്കയിടങ്ങളിലും കണിക്കൊന്നകൾ പൂത്തുലഞ്ഞു.ഗ്രാമീണ മേഖലയിൽ എവിടെ തിരിഞ്ഞാലും ഇപ്പോൾ കണിക്കൊന്നകൾ പൂത്തുലഞ്ഞുനിൽക്കുന്ന ദൃശ്യമാണ് കാണാനാകുക.കൃഷിഭവനും സർക്കാരും കേരളത്തിന്റെ ദേശീയ പുഷ്പമായ കണിക്കൊന്നകൾ സൗജന്യമായി വിതരണം ചെയ്തതോടെ നാട്ടിൻപുറങ്ങളിലെ മിക്ക വീടുകൾക്ക് മുന്നിലും കണിക്കൊന്നയുണ്ട്. വീടുകളുടെ ടെറസിൽ വരെ കണിക്കൊന്നകൾ നട്ടുപിടിപ്പിച്ചിട്ടുണ്ട്. കടുത്ത ചൂടത്തു പോലും വാടാതെ നിൽക്കുന്ന കണിക്കൊന്ന മരങ്ങൾ ഐശ്വര്യത്തിന്റെ പ്രതീകം കൂടിയാണ്. വിഷുദിനത്തിന്റെ തലേദിവസം കണിക്കൊന്നപ്പൂവിനു വൻ ഡിമാൻഡാണ്. കണിക്കൊന്നയില്ലാത്ത വിഷുക്കണി മലയാളികൾക്ക് ചിന്തിക്കാൻ പോലുമാകില്ല. അതുകൊണ്ടുതന്നെ നാട്ടിമ്പുറങ്ങളിൽ നിന്ന് ശേഖരിക്കുന്ന കണിക്കൊന്നപ്പൂവ് പ്രധാന കവലകളിൽ എത്തിച്ച് വൻ വിലയ്ക്കാണ് വിറ്റഴിക്കുന്നത്.