
കൊല്ലം: ഓച്ചിറയിലെ ഗുരുദേവ ക്ഷേത്ര ഭൂമിക്ക് നേരെ ഒരു വിഭാഗം ഉദ്യോഗസ്ഥർ ഗൂഢനീക്കം നടത്തുന്നതിന് കൂടുതൽ തെളിവ് പുറത്ത്. ഓച്ചിറ പരബ്രഹ്മ ക്ഷേത്രം സ്ഥിതി ചെയ്യുന്ന ഭൂമിയും തൊട്ടുചേർന്നുള്ള ഗുരുക്ഷേത്ര ഭൂമിയും ഒരേ സർവേ നമ്പരിൽ ഉൾപ്പെട്ടതാണ്. 35 ഏക്കറുള്ള ഓച്ചിറ പരബ്രഹ്മക്ഷേത്ര ഭൂമിക്ക് അയ്യായിരത്തി മൂന്നൂറ്റിപ്പത്ത് രൂപയാണ് ഇപ്പോഴത്തെ പാട്ടത്തുക. അപ്പോഴാണ് 10 സെന്റ് മാത്രമുള്ള ഗുരുക്ഷേത്ര ഭൂമിയുടെ പാട്ടം 7.32 ലക്ഷമായി ഉയർത്തിയത്.
ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിന്റെ ഭാഗമായുള്ള ഭൂമിയിൽ ഒൻപത് പതിറ്റാണ്ട് മുൻപാണ് ഗുരുദേവന്റെ വിഗ്രഹം സ്ഥാപിച്ചത്. ഗുരു ജീവിച്ചിരിക്കെ പ്രദേശവാസിയായ വയോധികൻ എലഞ്ഞിമരച്ചുവട്ടിൽ മണ്ണ് കൊണ്ട് ഗുരുദേവ വിഗ്രഹം നിർമ്മിച്ച് വിളക്ക് കത്തിച്ച് ആരാധിച്ച് വരികയാണ്. അന്ന് മുതൽ എസ്.എൻ.ഡി.പി യോഗത്തിന്റെ നിയന്ത്രണത്തിലായിരുന്നു ഈ ഭൂമി. സ്വാതന്ത്ര്യം കിട്ടിയതിന് പിന്നാലെ മൺവിഗ്രഹത്തിന് പകരം ഗുരുദേവന്റെ പുതിയ രൂപം പ്രതിഷ്ഠിച്ചു. 1996ലാണ് ഇന്ന് കാണുന്ന പഞ്ചലോഹ വിഗ്രഹം പ്രതിഷ്ഠിച്ചത്. 2011ൽ ഗുരുക്ഷേത്ര ഭൂമി പതിച്ചുകിട്ടാൻ എസ്.എൻ.ഡി.പി യോഗം കരുനാഗപ്പള്ളി യൂണിയൻ റവന്യൂ വകുപ്പിന് അപേക്ഷ നൽകി. പതിറ്റാണ്ടുകൾ മുൻപ് തങ്ങളുടെ കൈവശമായിരുന്ന ഭൂമി എസ്.എൻ.ഡി.പി യോഗത്തിന് പതിച്ചു നൽകുന്നതിന് അനുകൂലമായി ഓച്ചിറ പരബ്രഹ്മ ക്ഷേത്ര ഭരണസമിതി രേഖമൂലം റവന്യൂ വകുപ്പിന് കത്തും നൽകിയിരുന്നു.
ഓച്ചിറ പരബ്രഹ്മ ക്ഷേത്ര ഭൂമിക്ക് നേരത്തെ രണ്ടായിരം രൂപയായിരുന്നു പ്രതിവർഷ പാട്ടം. ഇത് 2019ലാണ് അയ്യായിരത്തി മൂന്നൂറ്റിപ്പത്ത് രൂപയായി ഉയർത്തിയത്. ഈ ഭൂമിയുടെ പാട്ടത്തുകയിൽ വലിയ വർദ്ധനവ് റവന്യൂ വകുപ്പ് വരുത്തിയില്ല. എന്നാൽ ഗുരുക്ഷേത്ര ഭൂമിയുടെ പാട്ടത്തുകയിൽ പത്തിരട്ടിയോളം വർദ്ധനവാണ് ഇതേ സമയം വരുത്തിയത്. ഉയർന്ന പാട്ടത്തുക ചുമത്തി അടയ്ക്കാനാകാത്ത സാഹചര്യം സൃഷ്ടിച്ച് ഭൂമി പിടിച്ചെടുക്കാനുള്ള ശ്രമമാണ് ഒരു വിഭാഗം ഉദ്യോഗസ്ഥർ നടത്തുന്നത്.