ശാസ്താംകോട്ട: ഇന്ത്യയിലെ മികച്ച ഗ്രാമ പഞ്ചായത്തിനുള്ള 2019-2020 വർഷത്തെ ദീൻ ദയാൽ ഉപാദ്ധ്യായ പഞ്ചായത്ത് സശാക്തീകരൻ പുരസ്കാരം ശൂരനാട് തെക്ക് പഞ്ചായത്തിന് ലഭിച്ചു. ഇരുപത്തി അഞ്ച് ലക്ഷം രൂപയാണ് അവാർഡ് തുക. കൊല്ലം ജില്ലയിലെ മികച്ച പഞ്ചായത്തിനുള്ള സ്വരാജ് പുരസ്കാരവും ശൂരനാട് തെക്ക് പഞ്ചായത്തിന് ലഭിച്ചിരുന്നു. സർക്കാർ പദ്ധതി വിഹിതം പൂർണമായി ചെലവഴിച്ചും വിഭവസമാഹരണം ഊർജിതമാക്കി പ്രാദേശിക വികസനത്തിന് അധിക വരുമാനം കണ്ടെത്തിയും സർക്കാർ മിഷൻ പ്രവർത്തനങ്ങളായ ലൈഫ്, ആർദ്രം, ഹരിത കേരളം, പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം എന്നിവയുടെ ഫലപ്രദമായ നടത്തിപ്പിലൂടെ ഗ്രാമപ്രദേശത്തെ അടിസ്ഥാന ജനവിഭാഗങ്ങളിലേക്ക് വികസനം എത്തിക്കാൻ കഴിഞ്ഞതും ജനങ്ങൾക്ക് സേവനങ്ങൾ വേഗത്തിൽ ലഭ്യമാക്കുന്നതിനായി നടത്തിയ പ്രവർത്തനങ്ങളുമാണ് ഈ നേട്ടത്തിന് പിന്നിൽ. ശുചിത്വ മേഖലയിൽ ഗ്രാമ പഞ്ചായത്ത് നടത്തിയ ഇടപെടലുകളും ശ്രദ്ധേയമായി. രാഷ്ട്രീയ വ്യത്യാസങ്ങൾക്ക് അതീതമായി നിന്ന് ഭരണ സമിതിയും കാര്യക്ഷമമായ പ്രവർത്തനങ്ങളിലൂടെ നിർവഹണോദ്യോഗസ്ഥരും ജനസൗഹാർദപരമായ ഇടപെടലുകളിലൂടെ ജീവനക്കാരും ഈ നേട്ടത്തിനായി പ്രയത്നിച്ചു എന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ ശ്രീജയും പഞ്ചായത്ത് സെക്രട്ടറി ജെ. അജ്മലും അഭിപ്രായപ്പെട്ടു. അവാർഡ് കാലയാളവിലെ പ്രസിഡന്റ് പുഷ്പകുമാരിയെയും ഭരണ സമിതി അംഗങ്ങളെയും പ്രസിഡന്റ് അഭിനന്ദിച്ചു. 24 ന് പ്രധാനമന്ത്രി അവാർഡ് സമ്മാനിക്കും.