കരുനാഗപ്പള്ളി: ഓച്ചിറ ശ്രീനാരായണ ഗുരുദേവ ക്ഷേത്രം സ്ഥിതി ചെയ്യുന്ന 10 സെന്റ് ഭൂമി കരുനാഗപ്പള്ളി യൂണിയന് സൗജന്യമായി സർക്കാർ പതിച്ച് നൽകണമെന്ന് ശാഖാ ഭാരവാഹികളുടെ യോഗം ആവശ്യപ്പെട്ടു.
ഒരു നൂറ്റാണ്ടിലേറെയായി ഗുരുക്ഷേത്ര ഭൂമി യൂണിയന്റെ കൈവശാവകാശത്തിലാണ്. 30 വർഷത്തേക്ക് 1,013 രൂപ പാട്ട വ്യവസ്ഥയിൽ 2011 ലാണ് ഭൂമി സർക്കാർ യൂണിയന് കൈമാറിയത്. അന്ന് കരുനാഗപ്പള്ളി എം.എൽ.എ ആയിരുന്ന സി. ദിവാകരന്റെ ഇടപെടൽ ഇക്കാര്യത്തിൽ സഹായകരമായി. മൂന്ന് വർഷത്തിന് ശേഷം നിലവിലുള്ള പാട്ടക്കരാർ വ്യവസ്ഥ ലംഘിച്ച് കളക്ടർ പാട്ടത്തുക 85,000 രൂപയായി വർദ്ധിപ്പിച്ചു. അന്യായമായ വർദ്ധനവിന്റെ കാരണം വ്യക്തമല്ല. ആദ്യം അനുവദിച്ച പാട്ടത്തുകയുടെ 50 ശതമാനം വർദ്ധിപ്പിച്ചാൽ പോലും 1,563 രൂപയേ വരികയുള്ളു. ഈ തുക അടച്ചാൽ ഭൂമി സൗജന്യമായി പതിച്ച് നൽകാമെന്ന ജില്ലാ കളക്ടറുടെ ഉറപ്പിന്റെ അടിസ്ഥാനത്തിൽ യൂണിയൻ വർദ്ധിപ്പിച്ച പാട്ടം അടച്ച് വസ്തു പതിച്ച് നൽകുന്നതിന് അപേക്ഷ നൽകി. എന്നാൽ യൂണിയൻ നൽകിയ അപേക്ഷ പരിഗണിക്കാതെ പാട്ടത്തുക വീണ്ടും 7,32,000 രൂപയായി വർദ്ധിപ്പിക്കുകയായിരുന്നു.
ഗുരുദേവ ക്ഷേത്രം സ്ഥിതി ചെയ്യുന്ന പത്ത് സെന്റ് സ്ഥലം നേരത്തെ ഓച്ചിറ പരബ്രഹ്മ യോഗത്തിന്റെ പരിധിയിലാണ്. ഓച്ചിറ പരബ്രഹ്മ ക്ഷേത്ര ഭരണ സമിതി നിലവിൽ 5,310 രൂപ പാട്ടം അടയ്ക്കുന്നത് ഗുരുദേവ ക്ഷേത്രം സ്ഥിതി ചെയ്യുന്ന 10 സെന്റ് സ്ഥലത്തിന് കൂടിയാണ്. ഇതു കൂടാതെയാണ് ജില്ലാ കളക്ടർ യൂണിയന്റെ പക്കൽ നിന്ന് അമിതമായി പണം ഈടാക്കുന്നത്. ഇത് നിലവിലുള്ള പാട്ടക്കരാർ വ്യവസ്ഥയുടെ ലംഘനമാണെന്ന് യോഗം വിലയിരുത്തി.
യൂണിയൻ കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച യോഗം യൂണിയൻ സെക്രട്ടറി എ. സോമരാജൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് കെ. സുശീലൻ അദ്ധ്യക്ഷനായി. യോഗം ബോർഡ് മെമ്പർ എസ്. സലിംകുമാർ, യൂണിയൻ കൗൺസിലർമാരായ എം. രാധാകൃഷ്ണൻ, സദാനന്ദൻ, അഡ്വ. എൻ.മധു, ബാബു, രഘുനാഥൻ, വനിതാ സംഘം പ്രസിഡന്റ് അംബിക ടീച്ചർ, സെക്രട്ടറി മധുകുമാരി എന്നിവർ സംസാരിച്ചു.