photo
പുത്തൂർ പടിഞ്ഞാറെ ജംഗ്ഷനിലെ ബസ് സ്റ്റോപ്പിലെ വെള്ളക്കെട്ട്

പുത്തൂർ: പുത്തൂർ ടൗണിലെ ബസ് സ്റ്റോപ്പിൽ വെള്ളക്കെട്ടും ദുരിതവും. ടൗണിന്റെ കണ്ണായഭാഗത്തെ ദുരിതംമാറ്റാൻ അധികൃതർ തയ്യാറാകുന്നില്ല. പുത്തൂർ പടിഞ്ഞാറെ ജംഗ്ഷനിലെ ശാസ്താംകോട്ട ഭാഗത്തേക്കുള്ള ബസ് സ്റ്റോപ്പിലാണ് ഏറെ നാളായി കുഴികൾ രൂപപ്പെട്ട് ചെളിവെള്ളം കെട്ടിനിൽക്കുന്നത്. മഴ പെയ്താൽ ഈ ഭാഗമാകെ വലിയ വെള്ളക്കെട്ടാകും. മഴ പെയ്തുമാറി ദിവസങ്ങൾ കഴിഞ്ഞാലും ഇവിടുത്തെ ദുരിതം മാറില്ലെന്ന സ്ഥിതിയാണ്. ബസ് കാത്തുനിൽക്കുന്നവരുടെ ദേഹത്തേക്ക് ചെളിവെള്ളംതെറിയ്ക്കുന്നത് പതിവാണ്. സമീപത്തെ കച്ചവട സ്ഥാപനങ്ങളിലേക്കും വെള്ളം തെറിയ്ക്കുന്നുണ്ട്.

നടപടിയെടുക്കാതെ അധികൃതർ

ശാസ്താംകോട്ട- കൊട്ടാരക്കര റോഡിന് കോടികൾ ചെലവഴിച്ചുള്ള നവീകരണ പ്രവർത്തനങ്ങൾ നടന്നുവരികയാണ്. ആദ്യഘട്ടം പൂർത്തിയാക്കിയ ശേഷം നിർമ്മാണം നിലച്ചു. അപ്പോഴും പുത്തൂർ പട്ടണത്തിലെ കുഴികളടയ്ക്കാനും വെള്ളക്കെട്ട് ഒഴിവാക്കാനും നടപടിയുണ്ടായില്ല. അത്യാവശ്യ അറ്റകുറ്റപ്പണികൾ നടത്തി ബസ് സ്റ്റോപ്പിന്റെ ദുരിതാവസ്ഥ മാറ്റണമെന്നാണ് പൊതു ആവശ്യം. സമീപത്തുതന്നെ ചേരിയിൽ ക്ഷേത്രത്തിനോട് ചേർന്ന ഓടയും നാശത്തിലാണ്. ഇവിടെയും എപ്പോഴും മലിനജലം കെട്ടിനിന്ന് പുഴുനുരയ്ക്കുകയാണ്. ചന്തയിൽ നിന്നും മലിന ജലവും ഇവിടേക്ക് എത്താറുണ്ട്. മണ്ഡപം ജംഗ്ഷനിൽ നിന്നും മാറനാട് റോഡ് തീർത്തും ശോചനീയ അവസ്ഥയിലായിരുന്നു. എന്നാൽ ഇപ്പോൾ റീ ടാറിംഗ് നടത്തി ഇവിടുത്തെ പ്രശ്നങ്ങൾ മാറ്റി. പടിഞ്ഞാറെ ജംഗ്ഷനിൽക്കൂടി അധികൃതരുടെ ശ്രദ്ധയുണ്ടായാൽ നിസാരമായി തീർക്കാവുന്ന പ്രശ്നങ്ങളേയുള്ളൂ.