ശാസ്താംകോട്ട: തുടർച്ചയായി മൂന്നാം തവണയും ശാസ്താംകോട്ട ഗ്രാമ പഞ്ചായത്തിന് ദീൻ ദയാൽ ഉപാദ്ധ്യായ പഞ്ചായത്ത്‌ സശാക്തീകരൻ പുരസ്കാരം ലഭിച്ചു.ഇരുപത്തി അഞ്ച് ലക്ഷം രൂപ യാണ് അവാർഡ് തുക. 2019-2020 വർഷത്തെ ജില്ലയിലെ മികച്ച രണ്ടാമത്തെ പഞ്ചായത്തിനുള്ള പുരസ്കാരം ശാസ്താംകോട്ടയ്ക്കും ലഭിച്ചിരുന്നു. സംസ്ഥാന സർക്കാർ നൽകുന്ന മാർഗനിർദ്ദേശങ്ങൾക്ക് വിധേയമായി ജനോപകാര പ്രദമായ പദ്ധതികൾ ആവിഷ്കരിച്ചു സമയബന്ധിതമായി പൂർത്തിയാക്കാൻ കഴിഞ്ഞതുമാണ് അവാർഡിന് അർഹമാക്കിയത്. കുട്ടികൾക്കും സ്ത്രീകൾക്കുമെതിരെയുള്ള അധിക്രമം തടയുന്നതിനായി സ്ഥാപിച്ച ജെൻഡർ റിസോഴ്സ് സെന്ററും ഹരിത കർമ്മ സേനയുടെ ചിട്ടയായ പ്രവർത്തനങ്ങളും കുടിവെള്ള വിതരണത്തിനായി നടപ്പാക്കിയ ഒറ്റ ടാപ്പ് പദ്ധതിയും മഹാത്മ ഗാന്ധി തൊഴിലുറപ്പ് പദ്ധതിയുടെ മികവാർന്ന പ്രവർത്തനങ്ങളുമാണ് അവാർഡിന് അർഹമാക്കിയത്. തുടർച്ചയായി ദേശീയ- സംസ്ഥാന പുരസ്കാരം നേടുന്നതിനായി പ്രവർത്തിച്ച ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരെയും പ്രസിഡന്റ് ആർ.ഗീതയും സെക്രട്ടറി രാജൻ ആചാരിയും അഭിനന്ദിച്ചു.