കൊല്ലം: ഗാന്ധിജിയുടെ സമഭാവനയെന്ന ആശയമാണ് ലോകത്തെ തന്നെ ഏറ്റവും വലിയ സനാതന ധർമ്മമെന്ന് മിസോറം ഗവർണർ പി.എസ്. ശ്രീധരൻ പിള്ള പറഞ്ഞു. മഹാത്മാ ഗാന്ധി പീസ് ഫൗണ്ടേഷന്റെ മുപ്പതാം വാർഷികം കൊല്ലം പബ്ലിക് ലൈബ്രറി ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പാശ്ചാത്യ ലോകത്തിന് മുന്നിൽ തലകുനിക്കാതെ ഇന്ത്യയുടെ പാരമ്പര്യം ഉയർത്തിപ്പിടിക്കാൻ നമുക്ക് കഴിഞ്ഞത് ഗാന്ധിജി നേടിത്തന്ന പാരമ്പര്യത്തിന്റെ ഗുണഫലം കൊണ്ടാണ്. വംശീയതയും വർഗീയതയുമല്ല, മറിച്ച് മാനവികതയും മനുഷ്യ സ്‌നേഹവുമാണ് നമ്മെ നയിക്കേണ്ടതെന്നും പി.എസ്. ശ്രീധരൻപിള്ള പറഞ്ഞു. ടി.കെ.എം സെന്റിനറി, പബ്ലിക് സ്‌കൂളുകളിൽ മഹാത്മാ ഗാന്ധി പീസ് ഫൗണ്ടേഷൻ ആരംഭിക്കുന്ന ഗാന്ധിയൻ പഠന കേന്ദ്രത്തിന്റെ ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു.
മഹാത്മാ ഗാന്ധി പീസ് ഫൗണ്ടേഷൻ സംസ്ഥാന ചെയർമാൻ എസ്. പ്രദീപ് കുമാർ അദ്ധ്യക്ഷനായി. എം. നൗഷാദ് എം.എൽ.എ, ശ്രീനാരായണ ഗുരു സർവകലാശാല പ്രോ വൈസ് ചാൻസലർ ഡോ. എസ്.വി. സുധീർ, ഫാ. ഡോ.ഒ. തോമസ്, അഡ്വ. എൻ.സുഗതൻ, കെ.എസ്. മാണി അഴീക്കോട്, സി. ഗോപകുമാർ, വള്ളക്കടവ് സുബൈർ എന്നിവർ സംസാരിച്ചു.
ചടങ്ങിൽ ഫൗണ്ടേഷന്റെ മഹാത്മാ ഗാന്ധി നാഷണൽ എക്സലൻസ് അവാർഡ് ടി.കെ.എം ഗ്രൂപ്പ് ചെയർമാൻ ഡോ.ഷഹൽ ഹസൻ മുസ്ലിയാർക്കും മികച്ച സാമൂഹിക പ്രവർത്തകനുള്ള പുരസ്കാരം ആർ.പ്രകാശൻ പിള്ളയ്ക്കും പി.എസ്. ശ്രീധരൻപിള്ള സമ്മാനിച്ചു. ശ്രീനാഥ് വിഷ്ണു (ബ്രാഹ്മിൻസ് ഫുഡ്), ജെ. വിജയൻ (വായിശക് ഗാർഡൻസ്), ഡോ. ജി. വിജയ കുമാർ (മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റൽ), ബെർളി സിറിയക് നെല്ലുവേലി മെഡിവിഷൻ) എന്നിവരും അവാർഡുകൾ ഏറ്റുവാങ്ങി.