പുനലൂർ: എസ്റ്റേറ്റ് ബംഗ്ലാവിൽ നിന്ന് കാട്ടിറിച്ചി പിടിച്ചെടുത്ത കേസിൽ ജാമ്യത്തിലായിരുന്ന സീനിയർ മാനേജർ തെന്മല ഫോറസ്റ്റ് ഓഫീസിൽ കീഴടങ്ങി. ഹാരിസൺ മലയാളം പ്ലാന്റേഷനിലെ നാഗമല എസ്റ്റേറ്റ് സീനിയർ മാനേജരും കോട്ടയം സ്വദേശിയുമായ ബിജോയ് മാത്യുവാണ് ഫോറസ്റ്റ് ഡിവിഷണൽ ഓഫീസർ സണ്ണിന് മുന്നിൽ കീഴടങ്ങിയത്.
പുനലൂർ വനം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തതായി ഡി.എഫ്.ഒ അറിയിച്ചു. കാട്ടിറിച്ചി എത്തിച്ച് നൽകിയ എസ്റ്റേറ്റ് ഫാക്ടറി ജീവനക്കാരൻ മോഹനൻ, കുറവൻതാവളം സ്വദേശിയും വാച്ചറുമായ രതീഷ് എന്നിവർ ഒളിവിലാണ്. ഇവർക്കായുള്ള അന്വേഷണം ഊർജ്ജിതമാക്കി. ഡിസംബർ 22 നായിരുന്നു കേസിനാസ്പദമായ സംഭവം. ചുള്ളിമാന്നൂർ ഫോറസ്റ്റ് ഫ്ലയിംഗ് സ്ക്വർഡിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നായിരുന്നു റെയ്ഡ്. സംഭവ ദിവസം രാത്രിയിൽ 25 ഓളം വനപാലരുടെ നേതൃത്വത്തിൽ എത്തിയ സംഘമാണ് എസ്റ്റേറ്റ് ബംഗ്ലാവിനുള്ളിൽ ഫ്രീസറിൽ പ്ലസ്റ്റിക് കവറിൽ സൂക്ഷിച്ചിരുന്ന പന്നിയുടെയും മ്ലാവിന്റെയും ഇറച്ചി പിടികൂടിയത്. സംഭവ സമയത്ത് സീനിയർ മാനേജർ ഉണ്ടായിരുന്നില്ല. തുടർന്ന് ഹൈക്കോടതിയിൽ നിന്ന് ജാമ്യം നേടി. എന്നാൽ വനപാലകർ ഹൈക്കോടതിയിൽ നൽകിയ അപ്പീലിനെ തുടർന്ന് മാനേജരുടെ ജാമ്യം റദ്ദ് ചെയ്ത് അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ കീഴടങ്ങാൻ കോടതി ഉത്തരവിട്ടു. തുടർന്നാണ് കീഴടങ്ങിയത്.