stage

കൊല്ലം: കൊവിഡിനെ തുടർന്ന് അടച്ചിട്ടിരുന്ന കൊല്ലം സോപാനം ഓഡിറ്റോറിയം വീണ്ടും സജീവമാകുന്നു. നാടക ദിനാഘോഷവുമായി ബന്ധപ്പെട്ടാണ് മാസങ്ങൾക്ക് ശേഷം സോപാനം തുറക്കുന്നത്. കൊവിഡ് പശ്ചാത്തലം നിലനിൽക്കുമ്പോഴും മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് വിപുലമായ നാടകമത്സരമാണ് ഇവിടെ നടത്തുവാൻ തീരുമാനിച്ചിരിക്കുന്നത്.

കൊല്ലത്തിന്റെ സാംസ്കാരിക കേന്ദ്രമാണ് പബ്ളിക് ലൈബ്രറിയുമായി ബന്ധപ്പെട്ട സോപാനം ഓഡിറ്റോറിയം. ചെറുതും വലുതുമായ പരിപാടികൾ സംഘടിപ്പിക്കുന്നതിലൂടെ സജീവമായിരുന്ന ഇവിടം പൂർണമായും അടച്ചിട്ടത് കലാസാംസ്കാരിക രംഗത്തുള്ളവർക്ക് വലിയ തിരിച്ചടിയായിരുന്നു. ഇതേത്തുടർന്ന് കഴിഞ്ഞ മാർച്ച് 27ന് നാടക ദിനത്തിൽ കേന്ദ്രം തുറന്നെങ്കിലും കേന്ദ്രം പിന്നെയും സജീവമായിരുന്നില്ല. ഈ മാസം 15 മുതൽ 22 വരെ ഗാന്ധിഭവൻ നാടകോത്സവവും പ്രൊഫഷണൽ നാടക മത്സരവും ഇവിടെ നടത്തുന്നതോടെ കലാസ്വാദകരുടെ മുഷിച്ചിൽ മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രമുഖരായ എട്ട് ടീമുകളാണ് നാടകങ്ങളുമായെത്തുന്നത്. നാടകം തുടങ്ങുന്നതിന് മുൻപുതന്നെ സെമിനാറുകളും സാഹിത്യ ചർച്ചകളും കവിഅരങ്ങും കുട്ടികളുടെ കലാപരിപാടികളുമൊക്കെ എല്ലാ ദിവസവും അരങ്ങേറും. ആ നിലയിൽ പബ്ളിക് ലൈബ്രറിക്കും സോപാനം ഓഡിറ്റോറിയത്തിനും പുത്തനുണർവ് ലഭിക്കുമെന്നാണ് പ്രതീക്ഷ.