sn

കൊല്ലം: കന്റോൺമെന്റ് മൈതാനത്തോട് ചേർന്നുള്ള എസ്.എൻ ട്രസ്റ്റിന്റെ ഭൂമി കൈയേറി നടത്തിവന്ന ഇൻഡോർ സ്റ്റേഡിയം നിർമ്മാണത്തിന്റെ പൈലിംഗ് നിറുത്തിവച്ചു. എസ്.എൻ ട്രസ്റ്റ് ഭാരവാഹികളുടെ പരാതിയുടെ അടിസ്ഥാനത്തിൽ കോർപ്പറേഷൻ സ്റ്റോപ്പ് മെമ്മോ നൽകിയതോടെയാണ് നിർമ്മാണ പ്രവർത്തനങ്ങൾ താത്കാലികമായി നിറുത്തിവച്ചത്.

കന്റോൺമെന്റ് മൈതാനത്ത് നഗരസഭയുടെയും സ്പോർട്സ് കൗൺസിലിന്റെയും ഉടമസ്ഥതയിലുള്ള ഭൂമിയിൽ ഇൻഡോർ സ്റ്റേഡിയം നിർമ്മിക്കാനായിരുന്നു തീരുമാനം. എന്നാൽ മൈതാനത്തോട് ചേർന്ന് എസ്.എൻ ട്രസ്റ്റിന് പതിറ്റാണ്ടുകൾ മുൻപ് പാട്ടത്തിന് അനുവദിച്ച ഭൂമി കൂടി സ്റ്റേഡിയത്തിനായി കൈയേറുകയായിരുന്നു. എസ്.എൻ ട്രസ്റ്റിന്റെ കൈവശമിരിക്കുന്ന ഭൂമിയിൽ ഇതിനോടകം മൂന്ന് പൈലുകൾ സ്ഥാപിച്ചുകഴിഞ്ഞു. നിർമ്മാണം ആരംഭിച്ചപ്പോൾ തന്നെ എസ്.എൻ ട്രസ്റ്റിന്റെയും എസ്.എൻ.ഡി.പി യോഗത്തിന്റെയും പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. കൈയേറ്റം പ്രതിരോധിക്കാൻ ആക്ഷൻ കൗൺസിലും രൂപീകരിച്ചു. പ്രതിഷേധം ശക്തമായതതോടെ സ്പോർട്സ് കൗൺസിൽ ഭാരവാഹികളും സി.പി.എം നേതാക്കളും ആക്ഷൻ കൗൺസിൽ ഭാരവാഹികളുമായി ചർച്ച നടത്തി. എസ്.എൻ ട്രസ്റ്റിന്റെ ഒരു നുള്ള് ഭൂമി പോലും കൈയേറില്ലെന്ന ചർച്ചയിലെ ഉറപ്പിന് വിരുദ്ധമായാണ് കഴിഞ്ഞ ദിവസങ്ങളിൽ പൈലിംഗ് നടത്തിയത്.

ഭൂമിയുമായി ബന്ധപ്പെട്ട് ഇപ്പോഴുള്ള പ്രശ്നം നിർവഹണ ഏജൻസിയായ കിറ്റ്കോ സ്പോർട്സ് ഡയറക്ടറേറ്റിന്റെയും സ്പോർട്സ് കൗൺസിലിന്റെയും ശ്രദ്ധയിലെത്തിച്ചിട്ടുണ്ട്.

''

പ്രശ്നം പരിഹരിച്ച ശേഷം നിർമ്മാണം പുനരാരംഭിച്ചാൽ മതിയെന്നാണ് നിലവിലെ തീരുമാനം. പ്രശ്നപരിഹാരത്തിന് സ്പോർട്സ് ഡയറക്ടറേറ്റിന്റെയും സ്പോർട്സ് കൗൺസിലിന്റെയും പ്രതിനിധികൾ എസ്.എൻ ട്രസ്റ്റ് ഭാരവാഹികളുമായി ചർച്ച നടത്തുന്നതിനെ കുറിച്ച് ആലോചിക്കുന്നുണ്ട്.

വൈശാഖ്, പ്രോജക്ട് കോ- ഓർഡിനേറ്റർ, കിറ്റ്കോ