c
പെരുമൺ-പേഴുംതുരുത്ത് ജങ്കാർ പേഴുംതുരുത്ത് കടവിൽ നിറുത്തിയിട്ടിരിക്കുന്നു

കൊല്ലം: മൺറോത്തുരുത്ത്, പേഴുംതുരുത്ത് എന്നിവിടങ്ങളിൽ നിന്ന് നഗരത്തിലേക്കെത്താനുള്ള ഏക ആശ്രയമായിരുന്ന ജങ്കാർ സർവീസ്‌കൂടി നിലച്ചതോടെ യാത്രാദുരിതത്തിൽ വട്ടംകറങ്ങി പ്രദേശവാസികൾ. പേഴുംതുരുത്ത് മുതൽ ചിറ്റുമലവരെ 9 കിലോമീറ്റർ പൊട്ടിപ്പൊളിഞ്ഞ റോഡ്, എല്ലാ ട്രെയിനുകളും നിറുത്താത്ത മൺറോത്തുരുത്ത് റെയിൽവേ സ്റ്റേഷൻ, സർവീസ് നിലച്ച പെരുമൺ - പേഴുംതുരുത്ത് ജങ്കാർ തുടങ്ങിയവയാണ് മൺറോത്തുരുത്തിന്റെ നിലവിലെ അവസ്ഥ.

വെള്ളം കുറഞ്ഞതിനാൽ ജങ്കാറിന്റെ അടിഭാഗം മണ്ണിലുറക്കുന്നത് പതിവായതോടെയാണ് ജങ്കാർ സർവീസ് താത്കാലികമായി നിറുത്തിവെക്കേണ്ടി വന്നത്. പെരുമൺ - പേഴുംതുരുത്ത് പാലം നിർമ്മാണത്തിന്റെ ഭാഗമായി പെരുമൺഭാഗത്ത് നേരത്തേയുണ്ടായിരുന്ന ജങ്കാർ ജെട്ടി മാറ്റി സ്ഥാപിച്ചിരുന്നു. അന്നുതന്നെ ഈഭാഗം ഡ്രഡ്ജ് ചെയ്യണമെന്ന് ജങ്കാറിന്റെ കരാറുകാർ മൺറോത്തുരുത്ത് പഞ്ചായത്ത് അധികൃതരോട് ആവശ്യപ്പെട്ടിരുന്നതാണ്. എന്നാൽ അന്ന് ജങ്കാർ യാത്രചെയ്യാനുള്ള വഴിതെളിക്കുക മാത്രമാണ് ചെയ്തത്. തന്മൂലം അഞ്ചുമിനിറ്റ് മാത്രം മതിയായിരുന്നയിടത്ത് ഇരട്ടിസമയം യാത്രയ്ക്കായി വേണ്ടിവരുകയും ഇന്ധനച്ചെലവ് കൂടുകയും ചെയ്തു. സർവീസ് നിറുത്തുന്നതിന് മുൻപ് പലതവണ അധികൃതരുമായി ബന്ധപ്പെട്ടിട്ടും ഒരു നടപടിയും കൈക്കൊണ്ടില്ലെന്ന ആക്ഷേപം നേരത്തേ തന്നെയുണ്ടായിരുന്നു. സർവീസ് നിറുത്തി ഒരാഴ്ച പിന്നിട്ടിട്ടും നടപടിയെടുക്കാത്തത് മൺറോത്തുരുത്തുകാരോടുള്ള വെല്ലുവിളിയാണെന്ന് നാട്ടുകാർ പറയുന്നു.

ജങ്കാർ ആരംഭിച്ചത് 2011ൽ

2011ൽ ജങ്കാർ സർവീസ് ആരംഭിക്കാനുള്ള നടപടി സ്വീകരിച്ചപ്പോൾ കരാർ ഏറ്റെടുക്കാൻ ആരും തയ്യാറായിരുന്നില്ല. പിന്നീട് നാട്ടുകാരുടെ നേതൃത്വത്തിൽ ഒരു സംഘം ചെറുപ്പക്കാർ ആലപ്പുഴയിലെ സ്വകാര്യ ജങ്കാർ ഉടമയെ നേരിൽക്കണ്ടാണ് കരാറെടുപ്പിച്ചത്. ഒന്നരവർഷത്തോളം നഷ്ടത്തിലായിരുന്നെങ്കിലും സർവീസ് മുടക്കാൻ അദ്ദേഹം തയ്യാറായിരുന്നില്ല. പാലംപണി പൂർത്തിയാകുന്നതുവരെ സർവീസിന് മുടക്കമുണ്ടാകില്ലെന്ന് അദ്ദേഹം നാട്ടുകാർക്ക് ഉറപ്പ് നൽകിയിരുന്നു. ലോക് ഡൗണിന് ശേഷം യാത്രക്കാരുടെ എണ്ണത്തിൽ വലിയ കുറവുണ്ടായിട്ടും നിറുത്താതിരുന്ന സർവീസാണ് ഇപ്പോൾ അധികൃതരുടെ അനാസ്ഥ മൂലം മുടങ്ങിയത്.

സർവീസ് പുനരാരംഭിക്കാൻ ഡ്രഡ്ജിംഗ് നടത്തും

ജങ്കാർ കടവിൽ അടിഞ്ഞുകൂടിയ ചെളി എത്രയും പെട്ടന്ന് ഡ്രഡ്ജ് ചെയ്ത് മാറ്റണമെന്നും ജങ്കാർ സർവീസ് പുനരാരംഭിക്കണമെന്നും ആവശ്യപ്പെട്ട് പഞ്ചായത്ത് പ്രസിഡന്റ് മിനി സൂര്യകുമാർ, അംഗങ്ങളായ ടി. ജയപ്രകാശ്, വി.എസ്. പ്രസന്നകുമാർ, പ്രമീള പ്രകാശ്, സുശീല എന്നിവർ ബ്രിഡ്ജസ് വിഭാഗം എക്‌സിക്യുട്ടീവ് എൻജിനിയർ ദീപാ ഓമനക്കുട്ടനുമായി ചർച്ച നടത്തി. അടിയന്തരമായി ഡ്രഡ്ജിംഗ് തുടങ്ങാൻ നടപടി സ്വീകരിക്കുമെന്ന് ഗ്രാമ പഞ്ചായത്ത് അംഗങ്ങൾക്ക് ഉറപ്പ് നൽകി. ഡ്രഡ്ജിംഗ് പൂർത്തിയായാലുടൻ തന്നെ ജങ്കാർ സർവീസ് പുനരാരംഭിക്കും.

പൊതുമരാമത്ത് വകുപ്പാണ് കായലിൽ ആഴംകൂട്ടുന്നത് ഉൾപ്പടെയുള്ള നടപടി സ്വീകരിക്കേണ്ടത്. അതിനായി മൺറോത്തുരുത്ത് പഞ്ചായത്ത് വകുപ്പിന് കത്ത് നൽകുകയും സമ്മർദ്ദം ചെലുത്തുകയും ചെയ്യുന്നുണ്ട്. അനുകൂല നടപടി ഉടനുണ്ടാകുമെന്നാണ് പ്രതീക്ഷ

ടി.എഫ്. ജോസഫ്, മൺറോത്തുരുത്ത് ഗ്രാമ പഞ്ചായത്ത് സെക്രട്ടറി

 ചുറ്റി സഞ്ചരിക്കണം

ജങ്കാർ സർവീസിന്റെ അഭാവത്തിൽ നഗരത്തിലെത്താൻ 13 കിലോമീറ്റർ മാത്രം വേണ്ടയിടത്ത് 32 കിലോമീറ്റർ ചുറ്റി സഞ്ചരിക്കേണ്ട ഗതികേടിലാണ് നാട്ടുകാർ.