കുട്ടികൾക്കായി സ്വയംതൊഴിൽ പരിശീലനം
കൊല്ലം: കുടുംബഭദ്രതയില്ലാതെ സർക്കാർ ചിൽഡ്രൻസ് ഹോമുകളിലെത്തിപ്പെട്ട ആൺകുട്ടികൾക്ക് കാലാവധി പൂർത്തിയാക്കി പുറത്തിറങ്ങുമ്പോൾ ഇനി സ്വന്തം കാലിൽ നിവർന്ന് നിൽക്കാം. പതിനെട്ട് വയസിനുള്ളിൽ പഠിച്ചെടുത്ത സ്വയംതൊഴിലിലൂടെ ഭാവിയുടെ വാതിലുകൾ തുറക്കാം.
പ്രധാനമന്ത്രിയുടെ ജൻശിക്ഷൺ സൻസ്ഥാൻ പദ്ധതിയുടെ കീഴിലാണ് തൊഴിൽ പരിശീലനം നൽകുന്നത്. നീണ്ടകര മദർഹുഡ് ചാരിറ്റി ഹോമിലാണ് ജില്ലയിലെ ഇരുപത് കുട്ടികൾക്ക് പരിശീലനം. പദ്ധതിയുടെ കീഴിലുള്ള പരിശീലനങ്ങൾക്ക് പുറമെ അലുമിനിയം ഫാബ്രിക്കേഷൻ, കമ്പ്യൂട്ടർ എന്നിവയിലും സൗജന്യ പരിശീലനം നൽകുന്നുണ്ട്.
സാധാരണ ചിൽഡ്രൻസ് ഹോമുകളിൽ നിന്ന് കാലാവധി കഴിഞ്ഞിറങ്ങുന്ന കുട്ടികൾ സ്വയംപര്യാപ്തതയിൽ പരാജയപ്പെടാറുണ്ട്. മാത്രമല്ല, പതിനെട്ട് വയസ് കഴിഞ്ഞ ആൺകുട്ടികളെ സംരക്ഷിക്കാൻ സംസ്ഥാനത്ത് തലശേരിയിൽ മാത്രമാണ് ആഫ്ടർ കെയർ ഹോംമുള്ളത്. ഈ പ്രതിസന്ധികൾ കൂടി മറികടക്കുകയെന്ന ലക്ഷ്യത്തോടെയാണ് കുട്ടികളെ സ്വയംപര്യാപ്തരാക്കുന്നത്. പതിനെട്ട് വയസ് കഴിഞ്ഞ പെൺകുട്ടികൾക്ക് എല്ലാ ജില്ലകളിലും ആഫ്ടർ കെയർ ഹോമുകളുണ്ട്.
നയിക്കുന്നവർ ഇവർ
1. ജില്ലാ ശിശുക്ഷേമ സമിതി ചെയർമാൻ കെ.പി. സജിനാഥ്
2. ബാലാവകാശ കമ്മിഷൻ മുൻ അംഗം സി.ജെ. ആന്റണി
3. ജുവനൈൽ ജസ്റ്റിസ് ബോർഡ് അംഗം സനിൽ വെള്ളിമൺ
4. ജില്ലാ ശിശു സംരക്ഷണ ഓഫീസർ പ്രസന്ന
5. ജൻശിക്ഷൺ സൻസ്ഥാൻ ഡയറക്ടർ ഡോ. നടയ്ക്കൽ ശശി
6. സാമൂഹ്യനീതി, വനിതാ- ശിശു ക്ഷേമ വകുപ്പ് ഉദ്യോഗസ്ഥർ
പരിശീലനം നൽകുന്നത്
16- 18 വയസിൽ
അമ്മമനം പോലെ മദർഹുഡ്
സംഭാവനകൾ സ്വീകരിക്കാതെ സാമൂഹ്യപ്രതിബദ്ധതയോടെ പ്രവർത്തിക്കുന്ന സംഘടനയാണ് നീണ്ടകര മദർഹുഡ് ചാരിറ്റി ഹോം. നീണ്ടകര കോസ്റ്റൽ പൊലീസ് എ.എസ്.ഐ ഡി. ശ്രീകുമാറിന്റെ നേതൃത്വത്തിലാണ് പ്രവർത്തനം. വിവിധ പദ്ധതികളിലുള്ള തൊഴിൽ പരിശീലനമാണ് കുട്ടികൾക്ക് നൽകുന്നത്. ആഫ്ടർ കെയർ സംവിധാനത്തിന്റെ ഭാഗമായി കുട്ടികൾക്ക് താമസസൗകര്യവും മദർഹുഡിലുണ്ട്. അങ്കണവാടിക്ക് സ്വന്തം സ്ഥലത്ത് ശീതീകരിച്ച അത്യാധുനിക കെട്ടിടം നിർമ്മിച്ചുനൽകിയതിലൂടെ മാതൃകയായ വ്യക്തിയാണ് ഡി. ശ്രീകുമാർ. ഭിന്നശേഷിക്കാരായ കുട്ടികൾക്കായി സൗജന്യ പരിശീലന കേന്ദ്രം ആരംഭിക്കാനുള്ള അനുമതിക്ക് കാത്തിരിക്കുകയാണ് അദ്ദേഹം. സഹപ്രവർത്തകരും പൊലീസ് അസോസിയേഷൻ ഭാരവാഹികളുമെല്ലാം പ്രവർത്തനങ്ങൾക്ക് പിന്തുണയേകുന്നു.
''
കുടുംബഭദ്രതയില്ലാതെ വന്നെത്തിയ കുട്ടികളെ തൊഴിൽ പരിശീലനത്തിലൂടെയും കൗൺസലിംഗിലൂടെയും ഭാവിയിൽ സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തരാക്കുകയാണ് ലക്ഷ്യമിടുന്നത്.
എ.എസ്.ഐ ഡി. ശ്രീകുമാർ
മദർഹുഡ് രക്ഷാധികാരി
''
സർക്കാർ ചിൽഡ്രൻസ് ഹോമിൽ നിന്ന് നീണ്ടകര മദർഹുഡ് ചാരിറ്റി ഹോമിലേക്ക് പരിശീലനത്തിന് പോകുന്ന കുട്ടികൾക്ക് അവധി ദിവസങ്ങളിലുൾപ്പെടെ സൗജന്യ യാത്ര നൽകും.
ലോറൻസ് ബാബു, ജന.സെക്രട്ടറി
കേരള പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ