e

കൊല്ലം: 'തെറ്റു ചെയ്യുന്നവർക്ക് മാപ്പ് നൽകാനാണ് കർത്താവ് പഠിപ്പിച്ചത്. അതുകൊണ്ട് ഞങ്ങൾ പൊറുക്കുന്നു. അവർക്ക് ശിക്ഷ വാങ്ങി നൽകാനൊന്നും ഞങ്ങളില്ല'. മത്സ്യബന്ധനത്തിനിടെ ഇറ്റാലിയൻ നാവികരുടെ വെടിയേറ്റ് മരിച്ച കൊല്ലം മൂതാക്കരയിലെ മത്സ്യത്തൊഴിലാളി വാലന്റൈൻ ജലസ്റ്റിന്റെ ഭാര്യ ഡോറയുടെ വാക്കുകളാണിത്.

കടൽക്കൊലക്കേസിൽ നീണ്ട നിയമയുദ്ധത്തിനൊടുവിൽ, കൊല്ലപ്പെട്ട മത്സ്യത്തൊഴിലാളികളുടെ കുടുംബത്തിനും ബോട്ടുടമയ്ക്കും പത്ത് കോടി രൂപ നഷ്ട പരിഹാരം നൽകാൻ ധാരണയായിരിക്കുകയാണ്. ഇറ്റാലിയൻ സർക്കാർ കൈമാറുന്ന പത്ത് കോടിയിൽ നിന്ന് നാല് കോടി വീതം ജലസ്റ്റിന്റെയും ഒപ്പം വെടിയേറ്റ് മരിച്ച തമിഴ്നാട് സ്വദേശി അജേഷ് പിങ്കിന്റെയും കുടുംബങ്ങൾക്ക് ലഭിക്കും. ബാക്കി രണ്ടുകോടി വെടി വയ്പിൽ പരിക്കേറ്റ സെന്റ് ആന്റണീസ് ബോട്ടിന്റെ ഉടമ ഫ്രെഡിക്കാണ്.

2012 ഫെബ്രുവരി 15ന് രാത്രി കേരള തീരത്ത് നിന്ന് 16 നോട്ടിക്കൽ മൈൽ അകലെയായിരുന്നു സംഭവം. മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങിവരുകയായിരുന്നു നീണ്ടകരയിൽ നിന്നുള്ള സെന്റ് ആന്റണീസ് ബോട്ടിന് നേരേ ഇറ്റാലിയൻ കപ്പലായ എൻറിക്ക ലെക്‌സിയിൽ നിന്ന് നാവികരായ സാൽവെത്തോറ ജെറോണിനെയും മാസിമി ലാനോ ലത്തോറയും വെടിയുതിർത്തു. കടൽക്കൊള്ളക്കാരെന്ന് തെറ്റിദ്ധരിച്ചെന്നായിരുന്നു ന്യായീകരണം. തന്ത്രപൂർവം കരയ്ക്കെത്തിച്ച ഇരുവരെയും അറസ്റ്റ് ചെയ്തു. ഏറെക്കാലം ഇവിടെ ജയിലിൽ കഴിഞ്ഞ രണ്ട് നാവികരും ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി അന്തരാഷ്ട്ര ട്രൈബ്യൂണലിന്റെ സഹായത്തോടെ നാട്ടിലേക്ക് മടങ്ങുകയായിരുന്നു.

മരിച്ചെന്നറിയിച്ചിട്ടും

വിശ്വസിച്ചില്ല

2012 ഫെബ്രുവരി 15 രാത്രി . മൂതാക്കരയിലെ വീട്ടിൽ ജലസ്റ്റിൻ മടങ്ങിയെത്തുന്നതും കാത്തിരിക്കുകയായിരുന്നു ഡോറയും രണ്ട് മക്കളും. മൂത്തമകൻ ഡെറിക് അന്ന് പ്ലസ് ടുവിനും ഇളയ മകൻ ജീൻ നാലാം ക്ലാസിലും പഠിക്കുന്നു. ഒൻപത് ദിവസം മുൻപ് ബോട്ടിൽ കടലിൽപ്പോയ ജലസ്റ്റിൻ സന്ധ്യയോടെ മടങ്ങിയെത്തേണ്ടതാണ്. മടങ്ങിവരും വഴിയിൽ കോളൊത്തു കാണുമെന്ന് കരുതി ആശ്വസിച്ചിരിക്കുമ്പോഴാണ് ദുരന്ത വാർത്തയെത്തുന്നത്. ഇറ്റാലിയൻ കപ്പലിൽ നിന്നുള്ള വെടിയേറ്റ് ജലസ്റ്റിൻ കൊല്ലപ്പെട്ടെന്ന് ബോട്ടുടമയുടെ ബന്ധുക്കൾ വിളിച്ചറിയിച്ചപ്പോൾ ഡോറ ആദ്യം വിശ്വസിച്ചില്ല. അല്പം കഴിഞ്ഞപ്പോൾ വീടിന് ചുറ്റും ആൾക്കൂട്ടമായി. അതോടെയാണ് അറിഞ്ഞത് സത്യമാണെന്ന് ബോദ്ധ്യപ്പെട്ടത്. അന്ന് 44 വയസായിരുന്നു ജലസ്റ്റിന്. ഗൾഫിൽ നിന്ന് മടങ്ങിവന്ന ശേഷം മത്സ്യബന്ധനത്തിന് പോവുകയായിരുന്നു ജലസ്റ്റിൻ.