തെന്മല: തെന്മല ഡാം ജംഗ്ഷനിലെ വെയിറ്റിംഗ് ഷെഡിന്റെ മേൽക്കൂര തകർന്നിട്ട് ദിവസങ്ങൾ പിന്നിട്ടിട്ടും പുനഃസ്ഥാപിക്കുവാൻ നടപടിയില്ല. ദിവസേന നൂറുകണക്കിന് വിനോദ സഞ്ചരികളെത്തുന്ന തെന്മല ഇക്കോടൂറിസം സെന്ററിന്റെ സമീപത്തുള്ള വെയിറ്റിംഗ് ഷെഡിനാണ് ഈ അവസ്ഥ. ഇതോടെ പൊരിവെയിലിൽ ബസ് കാത്ത് നിൽക്കേണ്ട ഗതികേടിലാണ് യാത്രക്കാരും വിനോദസഞ്ചാരികളും. ശക്തമായ കാറ്റിലും കുരങ്ങൻമാരുടെ ആക്രമണത്തിലുമാണ് വെയിറ്റിംഗ് ഷെഡിന്റെ മേൽക്കൂര തകർന്നതെന്നാണ് സൂചന.മേൽക്കൂര തകർന്നതിനെക്കുറിച്ച് നിരവധിതവണ അധികൃതർക്ക് പരാതി നൽകുകയും പ്രശ്നം ഉന്നത അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തുകയും ചെയ്തിട്ടും യാതൊരുവിധ നടപടിയും ഇല്ല.