തെന്മല: ആര്യങ്കാവ്‌ - എറണാകുളം ബസ് സർവീസ് പുനഃരാരംഭിക്കണമെന്ന ആവശ്യം ശക്തമാകുന്നു. കൊവിഡിന്റെ ഭാഗമായി നിറുത്തിയ ദീർഘ ദൂര സർവീസ് ആണിത്. പുനലൂരിൽ നടന്ന അദാലത്തിലടക്കം യാത്രക്കാർ പരാതി നൽകിയിരുന്നുവെങ്കിലും സർവീസ് പുന:രാരംഭിക്കാൻ നടപടിയുണ്ടായില്ല. തുടർന്ന് വീണ്ടും പരാതി നൽകിയിരുന്നു.സൗത്ത് സോണിൽ നടന്ന യൂണിറ്റ് ഓഫീസർമാരുടെ യോഗത്തിൽ ആര്യങ്കാവ്‌ ഡിപ്പോ ഇൻസ്‌പെക്ടർ ഈ വിഷയം അവതരിപ്പിച്ചപ്പോൾ ബോണ്ട് സർവീസ് ആക്കി ആരംഭിക്കാനാണ് എക്സിക്യുട്ടീവ് ഡയറക്ടർ നിർദ്ദേശിച്ചത്. ആര്യങ്കാവിൽ നിന്ന് മികച്ച വരുമാനം ലഭിച്ചിരുന്ന സർവീസുകളിലൊന്നായിരുന്നു ഇത്. തമിഴ്‌നാട്ടിൽ നിന്നുൾപ്പടെയുള്ള യാത്രക്കാർക്ക് ആര്യങ്കാവിൽ നിന്ന് ദീർഘ ദൂരത്തേക്ക് യാത്രചെയ്യാനാകുമായിരുന്ന സർവീസ് ആണ് ഇതോടെ ഉദ്യോഗസ്ഥരുടെ അനാസ്ഥയാൽ നിലച്ചത്. മുൻപ് ആര്യങ്കാവ് - കോട്ടയം സർവീസും വിചിത്ര നടപടികൾ കാരണം നിറുത്തിയിരുന്നു. ഇതോടെ എത്രയും വേഗം സർവീസ് പുനഃരാരംഭിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം. എന്നാൽ ബോണ്ട്‌ സർവീസായി ഈ സർവീസ് പുനഃരാരംഭിക്കാമെന്നാണ് എ.ടി.ഒ കെ. ജി. ജയകുമാർ പറയുന്നത്. പുനലൂർ - കോട്ടവാസൽ സർവീസുകൾ മികച്ച വരുമാനം ലഭിക്കുന്നതിനാൽ ആര്യങ്കാവ്‌ - എറണാകുളം സർവീസ് കോട്ടവാസൽ - എറണാകുളം ആക്കി ആരംഭിക്കണമെന്ന ആവശ്യവും ശക്തമാണ്.