പരവൂർ : പുത്തൻകുളം ബാറിന് മുന്നിൽവെച്ച് യുവാവിനെ കുത്തിപ്പരിക്കേൽപ്പിച്ച കേസിലെ പ്രതികളെ പൊലീസ് പിടികൂടി. മയ്യനാട് വലിയവിള ആരതി ഭവനിൽ സുജിത്ത് (33), കോട്ടുവൻകോണം ചാലിൽ ജയൻ (24) എന്നിവരെയാണ് പരവൂർ എസ്.ഐ വിജിത്ത് കെ. നായരുടെ നേതൃത്വത്തിലുള്ള സംഘം വ്യാഴാഴ്ച്ച അറസ്റ്റ് ചെയ്തത്. ഊന്നിൻമൂട് ശാരദമുക്കിൽ സുഭാഷിനെയാണ് ബുധനാഴ്ച രാത്രി കുത്തിപ്പരിക്കേൽപ്പിച്ചത്. ബാറിന് മുന്നിൽ നിന്ന സുഭാഷിനെ യാതൊരു പ്രകോപനവുമില്ലാതെ പ്രതികൾ മർദ്ദിക്കുകയായിരുന്നെന്നും ചോദ്യംചെയ്തപ്പോൾ കൈയിലുണ്ടായിരുന്ന കത്തികൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ചെന്നും പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.