kulam-1
പള്ളിച്ചിറയിൽ കുളിക്കുന്ന കുട്ടികൾ (നീന്തൽ പരിശീന കേന്ദ്രം ആവശ്യമാണ്)

കുന്നിക്കോട് : വിളക്കുടി ഗ്രാമപഞ്ചായത്തിലെ പള്ളിച്ചിറ 'സ്മാർട്ട്' ആവാൻ ഇനിയും കാത്തിരിക്കണം. പത്തനാപുരം താലൂക്കിലെ തന്നെ ഏറ്റവും വലിയ കുളമാണ് പള്ളിച്ചിറ. ഒന്നേമുക്കാൽ ഏക്കറിൽ വിസ്തൃതമായ കുളം നീണ്ട പതിനഞ്ച് വർഷത്തിന് ശേഷമാണ് നവീകരിക്കുന്നത്.

കേരള ഭൂവികസന കോർപ്പറേഷൻ അനുവദിച്ച 1.19 കോടി രൂപയുടെ നവീകരണമാണ് ഇപ്പോൾ നടക്കുന്നത്. കുളത്തിന് ചുറ്റുമുള്ള പ്രഭാത-സായാഹ്ന സവാരിക്കും വ്യായാമത്തിനും നടപ്പാത നിർമ്മിക്കാൻ മുൻപേ പദ്ധതിയുണ്ടായിരുന്നെങ്കിലും ഇപ്പോൾ ലഭിച്ച ഫണ്ടിൽ ഇത് പൂർത്തീകരിക്കാനാവില്ല.

മാലിന്യം തടയാൻ മാർഗമില്ല

നീണ്ട 16 വർഷത്തോളം ഉപയോഗശൂന്യമായി കിടന്ന കുളത്തിൽ നിന്ന് ടൺ കണക്കിന് ചെളി നീക്കം ചെയ്താണ് നിർമ്മാണം ആരംഭിച്ചത്. ഇപ്പോൾ 4.20 മീറ്റർ ഉയരത്തിൽ രണ്ട് അട്ടികളിലായി കൽക്കെട്ട് നിർമ്മിച്ചിട്ടുണ്ട്. കൽക്കെട്ട് താഴെ രണ്ടര മീറ്റർ വീതിൽ തുടങ്ങി മുകളിൽ എത്തുമ്പോൾ 70 സെ.മീ. വീതിയിൽ അവസാനിക്കും. കൂടാതെ കൽക്കെട്ടിന് ബലം കൂട്ടുന്നതിന് വേണ്ടി മദ്ധ്യഭാഗത്തായി കോൺക്രീറ്റ് ബെൽറ്റും നൽകിയിട്ടുണ്ട്. കുളത്തിലേക്ക് ഇറങ്ങാൻ മുൻഭാഗത്ത് വിശാലമായ കോൺക്രീറ്റ് പടവുകളും കുളത്തിന്റെ ഇരുവശത്തുമുള്ള മദ്ധ്യഭാഗത്തായി സ്റ്റീൽ കൊണ്ട് നിർമ്മിച്ചിട്ടുള്ള ഏണിയും സ്ഥാപിച്ചിട്ടുണ്ട്. കുളത്തിന് ചുറ്റും സംരക്ഷണവേലിയും സ്ഥാപിച്ചിട്ടുണ്ട്. കുളത്തിന്റെ അകത്തേക്കും പുറത്തേക്കും വെള്ളം ഒഴുകാനുള്ള സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ടെങ്കിലും വെള്ളത്തിനോടൊപ്പം ഒഴുകി വരുന്ന മാലിന്യങ്ങൾ തടയുന്നതിന് വേണ്ടിയുള്ള നിർമ്മാണങ്ങൾ ഇനിയും ശേഷിക്കുന്നു.

ഏതാനും വർഷങ്ങൾക്ക് മുൻപ് ചെളിയും മണ്ണും നിറഞ്ഞ് കാട്മൂടി വയലിന് സമാനമായ നിലയിലായിരുന്നു പള്ളിച്ചിറ. കാട് മൂടി കിടന്നതിനാൽ പ്രദേശവാസികൾ കന്നുകാലികളെ മേയാൻ വിട്ടിരുന്നതിവിടെയായിരുന്നു. ഒരു കാലത്ത് വേനൽ സമയങ്ങളിൽ ധാരാളം പേർ കുളിക്കുന്നതിനും വസ്ത്രം അലക്കുന്നതിനും വേണ്ടി ഈ കുളത്തെ ആശ്രയിച്ചിരുന്നു.

ഫണ്ട് തികയില്ല

പള്ളിച്ചിറയ്ക്ക് ചുറ്റും തറയോട് പാകിയ നടപ്പാത, ഇരിപ്പടങ്ങൾ, വ്യായാമത്തിനുള്ള സൗകര്യം, പൂന്തോട്ടം, അലങ്കാര വിളക്കുകൾ തുടങ്ങിയവ നിർമ്മിക്കുമെന്നാണ് അധികൃതർ പ്രഖ്യാപിച്ചിരുന്നത്. പക്ഷേ ഇതിനെല്ലാമായി അനുവദിച്ച ഫണ്ട് തികയാത്ത അവസ്ഥയാണ്. പഞ്ചായത്ത്, എം.എൽ.എ. ഫണ്ടുകൾ വർദ്ധിപ്പിച്ചെങ്കിൽ മാത്രമേ പദ്ധതി പൂർത്തീകരിക്കാൻ കഴിയൂ.

കുളവും പ്രദേശവും ഭാഗീകമായി നവീകരിച്ചതിനാൽ രാത്രി കാലങ്ങളിൽ മദ്യപസംഘങ്ങളും സാമൂഹികവിരുദ്ധരും ഇവിടെ ലക്ഷ്യമാക്കി എത്തുന്നുണ്ട്. പ്രദേശത്ത് സി.സി.ടി.വി കാമറ സ്ഥാപിക്കണമെന്നും രാത്രി കാലങ്ങളിൽ പൊലീസ് പട്രോളിംഗ് ശക്തമാക്കണമെന്നും പ്രദേശവാസികൾ ആവശ്യപ്പെട്ടു.