പടിഞ്ഞാറേക്കല്ലട: പഞ്ചായത്തിലെ കുടുബാരോഗ്യ കേന്ദ്രത്തിലെ ബി.എസ്.എൻ.എൽ ലാൻഡ്ഫോൺ തകരാറിലായിട്ട് മാസങ്ങൾ കഴിഞ്ഞു. ജീവനക്കാർ പല തവണ പരാതിപ്പെട്ടിട്ടും യാതൊരു നടപടിയും ഇന്നേവരെയില്ല. കൊവിഡ് വാക്സിനേഷൻ രജിസ്റ്റർ ചെയ്തവർക്കുള്ള മെസേജുകൾ അവരുടെ ഫോണിൽ ലഭിയ്ക്കുന്ന മുറയ്ക്ക് കുടുംബാരോഗ്യ കേന്ദ്രവുമായി തിരികെഫോണിൽ ബന്ധപ്പെടുന്നതിന് മാർഗമില്ല. കൂടാതെ സ്ഥിരമായി ജീവിത ശൈലി രോഗങ്ങൾക്കും മറ്റും മരുന്ന് വാങ്ങുവാനായി വരുന്നവർക്കും കൊച്ചു കുട്ടികൾക്ക് വാക്സിനേഷൻ എടുക്കുവാനായി നൂറു കണക്കിന് രൂപാ ഓട്ടോ കൂലി കൊടുത്ത് ദൂരസ്ഥലങ്ങളിൽ നിന്ന് വരുന്നവർക്കും ആശുപത്രിയുമായി ബന്ധപ്പെടുവാൻ മറ്റു മാർഗങ്ങളില്ലാതെ വിഷമിക്കുകയാണ്. കൂലി വേലക്കാരായ നിരവധി ആൾക്കാർ അവരുടെ ഒരു ദിവസത്തെ ജോലി നഷ്ടപ്പെടുത്തി ആശുപത്രിയിൽ എത്തുമ്പോഴാണ് ചില ദിവസങ്ങളിൽ അവരുടെ മരുന്നില്ലെന്നുള്ള വിവരം അറിയുന്നത്. മാസങ്ങളായി തകരാറിലായ ലാൻഡ്ഫോൺ സൗകര്യം എത്രയും വേഗം ശരിയാക്കി ആശുപത്രി ജീവനക്കാരുടെയും നാട്ടുകാരുടെയും ബുദ്ധിമുട്ടുകൾ പരിഹരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ലാൻഡ്ഫോൺ കേടായിട്ട് ആറ് മാസത്തിലധികമായി. ശാസ്താംകോട്ട ബി.എസ്.എൻ.എൽ ഓഫീസിൽ പല തവണ കത്ത് മുഖേനയും ഫോണിലൂടെയും പരാതിപ്പെട്ടിട്ടും ഫലമില്ല. 04762967004 എന്ന നമ്പരിലാണ് നിലവിൽ ബില്ലടയ്ക്കുന്നത്. ഫോൺ തകരാറിലായതോടെ നാട്ടുകാരും ആശുപത്രി ജീവനക്കാരും ഏറെ ബുദ്ധിമുട്ടുകയാണ്.
ഡോ. അമൃത് . എസ്. വിഷ് ണു
(ചീഫ് മെഡിക്കൽ ഓഫീസർ) കുടുംബാരോഗ്യ കേന്ദ്രം
പടിഞ്ഞാറേക്കല്ലട .