പുത്തൂർ: ശ്രീനാരായണപുരം പുതുച്ചിറ പാലവും റോഡും യാഥാർത്ഥ്യമായി. എന്നാൽ തോടിന്റെ സംരക്ഷണക്കാര്യം അധികൃതർ മറന്നു. മഴ കനത്താൽ തോടിന്റെ തീരങ്ങൾ ഇടിയും. ഏലായുടെ നിലനിൽപ്പിനും അത് ദോഷകരമാകുമെന്ന് ആശങ്ക. തോടിന് സംരക്ഷണ ഭിത്തി നിർമ്മിച്ചിട്ടില്ല. കുറച്ചുഭാഗത്ത് ഒരു വശത്ത് മാത്രമായി വർഷങ്ങൾക്ക് മുമ്പ് കരിങ്കല്ലടുക്കി നിർമ്മിച്ച സംരക്ഷണ ഭിത്തിയുണ്ട്. മറുവശത്ത് ഭിത്തികെട്ടാഞ്ഞതിനാൽ മണ്ണാെലിച്ചിറങ്ങുകയാണ്. കരഭാഗത്ത് നിൽക്കുന്ന മരങ്ങളും കടപുഴകാൻ ഇത് ഇടയാക്കും. കുത്തൊഴുക്കുണ്ടായാൽ ഏലായുടെ നല്ലൊരുഭാഗവും ഒലിച്ചുപോകും. ഏലായ്ക്ക് കുറുകെ റോഡ് നിർമ്മിച്ചതിനാൽ തോട്ടിൽ നീരൊഴുക്കിന്റെ അളവ് കൂടിവരും. ഇത് കൂടുതൽ ദോഷം ചെയ്യുമെന്നാണ് നാട്ടുകാർ പറയുന്നത്. മണൽ ചാക്കുകൾ അടുക്കിയെങ്കിലും താത്കാലിക പരിഹാര സംവിധാനങ്ങളൊരുക്കണമെന്നും തോടിന്റെ സംരക്ഷണ ഭിത്തികൾ നിർമ്മിക്കാൻ പുതിയ പദ്ധതി തയ്യാറാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.
പാലവും റോഡുമെത്തി
എസ്.എൻ.പുരം, പുതുച്ചിറ ഗ്രാമങ്ങളെ ചെറുപൊയ്ക തോട്ടാവിള ഭാഗവുമായി കൂട്ടിയിണക്കാൻ ഉപകരിക്കുന്നതാണ് പാലവും റോഡും. പുതുച്ചിറ തോടിന് കുറുകെ മുൻപ് കാൽനടയാത്രികർക്കായി ചെറിയ പാലം ഉണ്ടായിരുന്നു. ഇത് തകർന്നതോടെ തീർത്തും ബുദ്ധിമുട്ടിലായിരുന്നു. പാലം അടിത്തറക്കല്ലിൽ പതിറ്റാണ്ടുകൾ നിൽക്കേണ്ടിവന്നു. രണ്ടര വർഷം മുൻപാണ് നിർമ്മാണം പൂർത്തിയാക്കി നാടിന് സമർപ്പിച്ചത്. അപ്രോച്ച് റോഡിനായി വശങ്ങൾ കെട്ടി മണ്ണിട്ടു. അതോടെ അധികൃതർ മടങ്ങി. പിന്നെ പെരുമഴ പെയ്തതോടെ റോഡ് കുളമായി. ഏലായുടെ നടുക്കുകൂടിയുള്ള റോഡായതിനാൽ എപ്പോഴും ചെളിക്കുണ്ടാണെന്ന പരാതിയുണ്ടായിരുന്നു. അടുത്തിടെ അറ്റകുറ്റപ്പണി നടത്തിയതിന്റെ ആശ്വാസത്തിലാണ് ഗ്രാമവാസികൾ.
നാട്ടുകാർ സമർപ്പിച്ച റോഡ്
പുതുച്ചിറ- ചെറുപൊയ്ക റോഡ് യാഥാർത്ഥ്യമാകുന്നതോടെ നാടിന്റെ വികസന സ്വപ്നങ്ങൾ സാക്ഷാത്കരിക്കപ്പെടുമെന്നാണ് നാട്ടുകാർ പ്രതീക്ഷിച്ചിരുന്നത്. പുതുച്ചിറ പുലക്കാവ് ഏലായിലൂടെയാണ് റോഡ് നിർമ്മിക്കേണ്ടത്. ഇതിനായി നാട്ടുകാരുടെ കൂട്ടായ്മ രൂപീകരിച്ച് തുക സമാഹരിച്ചു. ചിലർ ഭൂമി ദാനമായി നൽകി. മറ്റുചിലർ വിലയ്ക്കും. നാട്ടുകൂട്ടായ്മതന്നെ റോഡ് ഒരുക്കി സമർപ്പിച്ചു. എന്നാൽ പെരുമഴക്കാലത്ത് ഈ പ്രദേശമാകെ വെള്ളം കയറാറുണ്ട്. റോഡ് നിർമ്മിച്ചതിന്റെ മുകളിൽക്കൂടി വെള്ളം ഒഴുകുന്നതാണ് കഴിഞ്ഞ മഴക്കാലത്ത് കണ്ടത്. ആ നില ഇനിയും തുടർന്നാൽ റോഡ് ഒലിച്ചുപോകും.