ചാത്തന്നൂർ: സ്കൂട്ടറിൽ യാത്ര ചെയ്യവേ പ്ളാവിന്റെ ശിഖരം ഒടിഞ്ഞുവീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു. ചാത്തന്നൂർ ഉളിയനാട് കുരിശുവിള (തേമ്പ്ര വിള) വീട്ടിൽ കെ. സാജനാണ് (53) മരിച്ചത്.
കൊല്ലം ഡി.സി.സിക്ക് സമീപം ക്ഷേമനിധി ഓഫീസിലെ ജീവനക്കാരനായിരുന്നു. കഴിഞ്ഞ 26ന് രാവിലെ ഒൻപതരയോടെ സ്കൂട്ടറിൽ ജോലിക്ക് പോകവെ ചാത്തന്നൂർ വെട്ടിക്കുന്നുവിള ജംഗ്ഷന് സമീപമായിരുന്നു അപകടം. സാജന്റെ സ്കൂട്ടറിന് മുന്നിൽ പോവുകയായിരുന്ന ടിപ്പർലോറിയിൽ തട്ടി സമീപത്തെ പുരയിടത്തിൽ നിന്ന പ്ളാവിന്റെ ശിഖരം ഒടിഞ്ഞ് സാജന്റെ ദേഹത്തേക്ക് വീഴുകയായിരുന്നു.
കഴുത്തിനും നെഞ്ചിനും സാരമായി പരിക്കേറ്റ സാജനെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രഥമശുശ്രൂഷ നൽകിയ ശേഷം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ചികിത്സയ്ക്ക് ശേഷം വീട്ടിലെത്തിയ സാജന് അണുബാധയെ തുടർന്ന് ആരോഗ്യനില വഷളായി. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ വ്യാഴാഴ്ച വൈകിട്ടോടെ മരിച്ചു. സംസ്കാരം ഇന്ന് രാവിലെ 11.30ന് ചാത്തന്നൂർ ക്രിസ്തോസ് മർത്തോമ്മാ പള്ളി സെമിത്തേരിയിൽ. ഭാര്യ: ബീന. മകൻ: സിബിൻ. ചാത്തന്നൂർ പൊലീസ് കേസെടുത്തു.