t
കനറാ ബാങ്ക് പട്ടംതുരുത്ത് റോഡിൽ ആറ്റുപുറത്ത് കലുങ്കിന് സമീപം വൈദ്യുത പോസ്റ്റ് നടുവിൽ നിറുത്തി ടാറിംഗ് നടത്തിയിരിക്കുന്നു

മൺറോത്തുരുത്ത്: രണ്ടര വർഷത്തോളമായി ഇഴഞ്ഞുനീങ്ങിയിരുന്ന റോഡുപണി പരാതികൾക്കൊടുവിൽ കരാറുകാരൻ പൂർത്തിയാക്കിയത് റോഡിന്റെ നടുവിൽ നിന്ന 11 കെ.വി ലൈനിലെ പോസ്റ്റ് മാറ്റാതെ. കിഫ്ബി ഫണ്ടിൽ നിന്ന് 24 കോടി രൂപയ്ക്ക് ടെൻഡർ നൽകിയാണ് കുണ്ടറ മൺറോത്തുരുത്ത് റോഡിന്റെ പണി ആരംഭിച്ചത്. നെന്മേനി തെക്ക് ആറ്റുപുറത്ത് കലുങ്കിനു സമീപമാണ് പോസ്റ്റ് നടുവിൽ നിറുത്തി ടാറിംഗ് പൂർത്തിയാക്കിയത്. റോഡിന്റെ സംരക്ഷണഭിത്തി പുനർനിർമ്മിച്ചപ്പോൾ വശത്ത് നിന്ന പോസ്റ്റ് മാറ്റിസ്ഥാപിച്ചിരുന്നു. തുടർന്ന് റോഡിന് വീതി കൂട്ടിയപ്പോഴാണ് പോസ്റ്റ് നടുവിലായത്. കരാറുകാരൻ കെ.എസ്.ഇ.ബിക്ക് പണം അടയ്ക്കാത്തതു മൂലമാണ് പോസ്റ്റ് മാറ്റാത്തത്. ടൂറിസം സെന്ററായ മൺറോത്തുരുത്ത് എസ് വളവിലെ മൺറോ ഡ്രൈവിലേക്ക് വാഹനങ്ങൾ കടന്നുപോകുന്നത് ഇതുവഴിയാണ്.

യാത്രക്കാരുടെ ആക്ഷേപം

റോഡുടാറിംഗ് പല റ്റീച്ചുകളായി തുടങ്ങിയെങ്കിലും ചില ഭാഗങ്ങളിൽ മാത്രമേ പണി പൂർത്തീകരിച്ചിട്ടുള്ളൂവെന്നാണ് യാത്രക്കാരുടെ ആക്ഷേപം. പല ഭാഗങ്ങളും കുണ്ടും കുഴിയുമായി കിടക്കുകയാണ്. റോഡിന്റെ ശോച്യാവസ്ഥയെ തുടർന്ന് ചിറ്റുമലയിൽ നിന്ന് മൺറോത്തുരുത്തിലേക്കുള്ള ബസുകൾ സർവീസ് നിറുത്തിവയ്ക്കാനുള്ള തീരുമാനത്തിലാണ്. നിലവിൽ മണക്കടവിൽ നിന്ന് തൂമ്പുംമുഖം വരെയാണ് ടാറിംഗുള്ളത്. അവിടെനിന്ന് ചിറ്റുമലയിലേക്കുള്ള ടാറിംഗ് എന്നു തുടങ്ങുമെന്നതിനെപ്പറ്റി ഒരു ധാരണയുമില്ല. നാട്ടുകാർ പ്രക്ഷോഭം സംഘടിപ്പിക്കുമ്പോൾ അവിടവിടെ ചില്ലറപ്പണി നടത്തി മുങ്ങുകയാണ് കരാറുകാരൻ.

വാഹന യാത്രക്കാരെ അപകടകത്തിലാക്കുന്ന പോസ്റ്റ് എത്രയും വേഗം മാറ്റി സ്ഥാപിക്കണം.

പ്രദേശവാസികൾ