ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയരുന്നു
കൊല്ലം: ജില്ലയിൽ കൂടുതൽ പേരിൽ കൊവിഡ് ബാധിച്ചുവെന്നതിന്റെ സൂചനയായി രോഗബാധിതരുടെ എണ്ണത്തിനൊപ്പം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും ഉയരുന്നു. കഴിഞ്ഞമാസം നാലിനും അഞ്ചിനും ഇടയിലായിരുന്നു ജില്ലയിൽ വിവിധ ദിനങ്ങളിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഇത് കഴിഞ്ഞ ദിവസങ്ങളിൽ അഞ്ചിന് മുകളിലേക്ക് ഉയർന്ന് വ്യാഴാഴ്ച 6.16 ശതമാനത്തിലെത്തി.
കഴിഞ്ഞ ഒക്ടോബറിൽ ജില്ലയിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയർന്ന് 14.67 ശതമാനത്തിലെത്തിയിരുന്നു. പിന്നീട് ക്രമേണ താഴ്ന്ന് കഴിഞ്ഞ ഒന്നരമാസമായി നാലിനും അഞ്ചിനും ഇടയിലാണ്. തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളിൽ പങ്കെടുത്തവരെയാണ് ഇപ്പോൾ പരിശോധനയ്ക്ക് വിധേയരാക്കുന്നത്. ഇവരിൽ വലിയൊരു വിഭാഗത്തിന് പുറമേ കുടുംബാംഗങ്ങൾക്കും കൊവിഡ് സ്ഥിരീകരിച്ച് വരികയാണ്. രോഗബാധിതരുടെ എണ്ണം ഉയരുന്ന പശ്ചാത്തലത്തിൽ പ്രവർത്തനം അവസാനിപ്പിച്ച ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകൾ തുറക്കാനുള്ള ഒരുക്കങ്ങൾ വീണ്ടും തുടങ്ങിയിട്ടുണ്ട്.
ഇന്നലെ കൊവിഡ് 260
ഇന്നലെ ജില്ലയിൽ 260 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ രണ്ടുപേർ വിദേശത്ത് നിന്നും എട്ടുപേർ ഇതരസംസ്ഥാനത്ത് നിന്നും വന്നതാണ്. ഒരു ആരോഗ്യ പ്രവർത്തക ഉൾപ്പെടെ 250 പേർ സമ്പർക്കത്തിലൂടെയാണ് രോഗബാധിതരായത്. ജില്ലയിൽ 308 പേർ ഇന്നലെ രോഗമുക്തരായി.
കണക്ക് ഇങ്ങനെ
ഇതുവരെ കൊവിഡ് ബാധിച്ചത്: 94,275
ചികിത്സയിലുള്ളവർ: 872
രോഗമുക്തർ: 93,051
മരണം: 352
വാക്സിനേഷൻ (വ്യാഴാഴ്ച വരെ)
ആദ്യ ഡോസ്: 2,39,677
രണ്ട് ഡോസും എടുത്തവർ: 23,207
''
ചെറിയ രോഗലക്ഷണങ്ങളുള്ളവരും രോഗം സ്ഥിരീകരിച്ചവരുടെ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടവരും കൊവിഡ് പരിശോധനയ്ക്ക് തയ്യാറാകുന്നില്ല. ഇത് ഗുരുതര പ്രത്യാഘാതം സൃഷ്ടിക്കും.
ആരോഗ്യവകുപ്പ്