മയ്യനാട് : താന്നിമുക്ക് സുനാമി പുനരധിവാസ കേന്ദ്രത്തിലെ ശുദ്ധജലവിതരണം അടിയന്തരമായി പുനഃസ്ഥാപിക്കണമെന്ന് യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു. 280 കുടുംബങ്ങളിലായി ആയിരത്തിലധികം പേരാണ് ഇവിടെ താമസിക്കുന്നത്. വാട്ടർ അതോറിറ്റിയുടെയും പഞ്ചായത്തിന്റെയും പിടിപ്പുകേട് മൂലമാണ് ജലവിതരണം പുനരാരംഭിക്കാൻ കഴിയാത്തത്.
ഒരാഴ്ചയായി ജലവിതരണം മുടങ്ങിയതിനാൽ പ്രാഥമികാവശ്യങ്ങൾക്ക് പോലും വെള്ളമില്ലാതെ വയോധികരും കുഞ്ഞുങ്ങളും രോഗികളും ഉൾപ്പടെയുള്ളവർ ദുരിതമനുഭവിക്കുകയാണ്. അടിയന്തരമായി ജലവിതരണം പുനഃസ്ഥാപിച്ചില്ലെങ്കിൽ ശക്തമായ ജനകീയ സമരത്തിന് യൂത്ത് കോൺഗ്രസ് നേതൃത്വം നൽകുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി ആർ.എസ്. അബിൻ അറിയിച്ചു.