പുനലൂർ: വിനോദ സഞ്ചാരികളുടെ വഴിമുടക്കിയ റെയിൽവേ നടപടിയിൽ പ്രതിഷേധം വ്യപകമാകുന്നു. തെന്മല 13കണ്ണറ പാലം സന്ദർശിക്കാൻ എത്തുന്ന വിനോദസഞ്ചാരികളുടെ വാഹനങ്ങൾ പാർക്ക് ചെയ്തിരുന്ന സ്ഥലത്തും ട്രണൽ സന്ദർശിക്കാൻ പോകുന്ന കൽപ്പടവുകളിലും ഇരുമ്പ് തൂണുകൾ കുഴിച്ചിട്ടതിനെതിരെയാണ് പ്രതിഷേധം വ്യാപകമായത്. രണ്ട് മാസം മുമ്പ് ഇരുമ്പ് തൂണുകൾ സ്ഥാപിച്ചത് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് എൻ.കെ.പ്രേമചന്ദ്രൻ എം.പി കേന്ദ്ര റെയിൽവേ മന്ത്രാലയത്തിനെ സമീപിച്ചിരുന്നു.സഞ്ചാരികളുടെ ബുദ്ധിമുട്ടുകൾ കണക്കിലെടുത്ത് ഇരുമ്പ് തൂണുകൾ ഒഴിവാക്കാൻശ്രമിക്കുമെന്ന് അധികൃതർ പറഞ്ഞെങ്കിലും തൂണുകൾ പെയിന്റ് ചെയ്ത് മോടി പിടിപ്പിക്കുകയായിരുന്നു.കൊല്ലം-തിരുമംഗലം ദേശീയ പാതയോട് ചേർന്നാണ് 13കണ്ണറ പാലം സ്ഥിതി ചെയ്യുന്നത്.
പ്രദേശവാസികൾ സമരത്തിൽ
നൂറ്റാണ്ടുകൾക്ക് മുമ്പ് ബ്രിട്ടീഷുകാർ പണിത കണ്ണറപാലത്തിന്റെ മനോഹാരിത നേരിൽ കാണാൻ എത്തുന്ന വിനോദ സഞ്ചാരികളുടെ വാഹനങ്ങൾ പാർക്ക് ചെയ്തിരുന്നത് 13കണ്ണറ പാലത്തിന്റെ അടിയിലായിരുന്നു. ഇവിടെ വാഹനങ്ങൾ പാർക്ക് ചെയ്യാൻ മറ്റ് സ്ഥല സൗകര്യങ്ങൾ ഇല്ലാത്തത് കണക്കിലെടുത്താണ് വർഷങ്ങളായി ഇവിടെ വാഹനങ്ങൾ പാർക്ക് ചെയ്തിരുന്നത്. എന്നാൽ യാതൊരു മുന്നറിയിപ്പും ഇല്ലാതെയാണ് വാഹന പാർക്കിംഗ് ഏരിയായിൽ ഇരുമ്പ് തൂണുകൾ സ്ഥാപിച്ചതും പാലത്തിന്റെ വശത്തുകൂടി പണിത കൽപ്പടവുകൾ അടച്ചതും.ഈ നടപടികൾക്കെതിരെ പ്രദേശവാസികൾ ആക്ഷൻ കൗൺസിൽ രൂപീകരിച്ച് സമര രംഗത്താണിപ്പോൾ.