shops

കൊല്ലം: ഇതുവരെ കണ്ടിട്ടില്ലാത്തവിധം പ്രതിസന്ധി ഘട്ടത്തിലൂടെയാണ് കേരളത്തിലെ വ്യാപാര മേഖല കടന്നുപോകുന്നതെന്നും അതിനിടയിൽ കൊവിഡ് മാനദണ്ഡങ്ങളുടെ പേരിൽ വീണ്ടും വ്യാപാരികളെ ദ്രോഹിക്കുന്ന നടപടി അവസാനിപ്പിക്കണമെന്നും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി രാജു അപ്സര പറഞ്ഞു.

സംസ്ഥാന കൗൺസിൽ അംഗങ്ങളുടെ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇലക്ഷൻ പ്രഖ്യാപിച്ചത് മുതൽ കൊവിഡ് രോഗികളുടെ കണക്ക് കുറച്ചുകാണിച്ച സർക്കാർ ഇലക്ഷൻ കഴിഞ്ഞപ്പോൾ വീണ്ടും മാനദണ്ഡങ്ങളുമായ്‌ വന്നിരിക്കുകയാണ്. പഞ്ചായത്ത് ഇലക്ഷൻ സമയത്തും സ്ഥിതി സമാനമായിരുന്നു. സെക്ടറൽ മജിസ്ട്രറ്റുമാരും ആരോഗ്യവകുപ്പും പൊലീസും ചെറുകിട വ്യാപാര സ്ഥാപനങ്ങളിൽ കയറി വ്യാപാരികളെ ദ്രോഹിക്കുന്ന സമീപനം തുടരുകയാണ്. രോഗവ്യാപനം തടയുന്നതിന്റെ പേരിൽ വ്യാപാരികളെ ദ്രോഹിക്കുന്ന നടപടിയുമായി ഇനിയും മുന്നോട്ട് പോയാൽ ശക്തമായ സമരപരിപാടികളുമായി തെരുവിലിറങ്ങേണ്ടിവരുമെന്ന് കൗൺസിൽ യോഗം മുന്നറിയിപ്പ് നൽകി.