accident-car-photo

 രണ്ടര വയസുകാരൻ പ്രാണവായു കിട്ടാതെ പിടഞ്ഞു

കുണ്ടറ: രണ്ട് വയസുകാരനെ നട്ടുച്ചയ്ക്ക് കാറിനുള്ളിലിട്ട് പൂട്ടി പിതാവ് പുറത്തുപോയി. വെയിലേറ്റ് പ്രാണവായു കിട്ടാതെ അവശനായ കുട്ടിയെ നാട്ടുകാർ ഗ്ളാസ് തകർത്ത് പുറത്തെടുത്തു. കുണ്ടറ ആശുപത്രിമുക്കിൽ ഇന്നലെ ഉച്ചയ്ക്ക് 12 ഓടെയായിരുന്നു സംഭവം.

പിതാവ് കുണ്ടറ ചെറുമൂട് കന്യാകുഴി സ്വദേശി റിജോയ്ക്കെതിരെ കുണ്ടറ പൊലീസ് പെറ്റിക്കേസെടുത്ത് വിട്ടയച്ചു. കാറിനുള്ളിൽ ശ്വാസം കിട്ടാതെ പരാക്രമം കാട്ടിയ കുട്ടിയെ വഴിയാത്രക്കാരാണ് കണ്ടത്. ഉടമസ്ഥനെ തിരക്കിയെങ്കിലും സമീപത്തെങ്ങും കണ്ടെത്താനായില്ല. തുടർന്നാണ് ചില്ല് തകർത്ത് കുട്ടിയെ രക്ഷപ്പെടുത്തിയത്. കരഞ്ഞ് അവശനിലയിലായ കുട്ടിയെ സമീപത്തെ ഹോം അപ്ളയൻസ് ഷോപ്പിലെ ജീവനക്കാരായ സ്ത്രീകൾ ആശ്വസിപ്പിച്ചു.

അരമണിക്കൂറിന് ശേഷം തിരികെയെത്തിയ പിതാവിന് നേരെ നാട്ടുകാർ തട്ടിക്കയറി. പൊലീസെത്തി സ്ഥിതിഗതികൾ ശാന്തമാക്കിയശേഷം മറ്റ് ബന്ധുക്കളെ വിളിച്ചുവരുത്തി കുട്ടിയെ കൈമാറി.

കുട്ടിയെ കാറിലിരുത്തിയ ശേഷം പിതാവ് മദ്യപിക്കാൻ പോയെന്നാണ് നാട്ടുകാരുടെ ആരോപണം. വൈദ്യപരിശോധനയ്ക്ക് വിധേയനാക്കാതെയാണ് വിട്ടയച്ചത്. കുണ്ടറയിലെ ബാറിന് സമീപത്താണ് കാർ നിറുത്തിയിട്ടിരുന്നത്.