കൊല്ലം: ലോക്ക് ഡൗണും കൊവിഡും സൃഷ്ടിച്ച പ്രതിസന്ധികളിൽ നിന്ന് കരകയറാനാകാതെ കർഷകർക്ക് കൂനിന്മേൽ കുരുവായി വിലത്തകർച്ചയും ഉൽപാദനച്ചെലവിലെ വർദ്ധനയും. ഗ്രാമീണ മേഖലകളിൽ കൃഷിയെ ആശ്രയിച്ച് ഉപജീവനം നടത്തിവന്ന സാധാരണക്കാർക്കാണ് അപ്രതീക്ഷിതമായുണ്ടായ പ്രതിസന്ധികൾ ഇരുട്ടടിയായത്. നഷ്ടം പെരുകിയതോടെ നെല്ല് ,വാഴ, മരച്ചീനി, പച്ചക്കറികൾ, കിഴങ്ങ് വർഗങ്ങൾ, തെങ്ങ്, ഇഞ്ചി, കുരുമുളക്, വെറ്റില തുടങ്ങിയ കൃഷികൾ ചെയ്തിരുന്ന പലരും കൃഷി ഉപേക്ഷിച്ചു.
ലോക്ക് ഡൗണിൽ തുടങ്ങി
കൊവിഡ് വ്യാപനത്തെ തുടർന്ന് ലോക്ക് ഡൗൺ പ്രഖ്യാപിച്ചതു മുതലാണ് കാർഷിക മേഖലയിൽ പ്രതിസന്ധി രൂക്ഷമായത്. ലോക്ക് ഡൗണിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതോടെ യഥാസമയം വിളവിറക്കാനോ കീടനിയന്ത്രണത്തിനോ കർഷകർക്ക് കഴിഞ്ഞില്ല. ഇത് ഉൽപാദനം ഗണ്യമായി കുറയാനിടയാക്കി. പത്താമുദയത്തോടനുബന്ധിച്ചുള്ള പാടത്തെ പണികളെല്ലാം ക്രമം തെറ്റിയതോടെ നെല്ല് ഉൽപാദനം പകുതിയിൽ താഴെയായി. കൊടും വരൾച്ച കരയിലെ കൃഷികളുടെ നാശത്തിന് കാരണമായി.
വളത്തിന് ഉയർന്ന വില, താങ്ങാനാവാത്ത കൂലി
ഉയർന്ന കൂലിയാണ് മറ്റൊരു പ്രതിസന്ധി. ഒരാളെ ജോലിക്ക് നിറുത്തിയാൽ 1000 രൂപ നൽകണം. വിത്തിന്റെയും വളത്തിന്റെയും വിലയിലെ അനിയന്ത്രിത വർദ്ധനയും തിരിച്ചടിയാണ്. മട്ടുപ്പാവ് - ജൈവകൃഷികൾക്ക് ആവശ്യമേറിയതോടെ ചാണകം, ചാരം തുടങ്ങിയ പരമ്പരാഗത വളങ്ങൾക്കെല്ലാം തീവിലയായി. രാസവളങ്ങളുടെ സ്ഥിതിയും വ്യത്യസ്തമല്ല. വളങ്ങൾക്ക് മുൻവർഷങ്ങളെ അപേക്ഷിച്ച് 10 മുതൽ 25 ശതമാനം വരെ വില ഉയർന്നതായി കൊല്ലത്തെ പരമ്പരാഗത കർഷകനായ സദാശിവൻ പറഞ്ഞു. പ്രാദേശിക കർഷക വിപണികളുൾപ്പെടെ മാർക്കറ്റുകൾ ഇപ്പോഴും പൂർണതോതിൽ പ്രവർത്തന സജ്ജമാകാത്തതും കയറ്റുമതി നിലച്ചതും ഉത്പന്നങ്ങളുടെ വിലയിടിവിന് കാരണമായി.
വിലയിടിഞ്ഞ് കറുത്തപൊന്ന്
കിലോഗ്രാമിന് 740 രൂപ വിലയുണ്ടായിരുന്ന കുരുമുളകിന്റെ ഇപ്പോഴത്തെ വില വെറും 400 രൂപയാണ്. ആറ് വർഷത്തിനിടെ ആദ്യമായാണ് കുരുമുളകിന് ഇത്രയും വിലത്തകർച്ചയുണ്ടാകുന്നത്. മുളക് വാങ്ങാൻ ചെറുകിട വ്യാപാരികൾ തയ്യാറാവാത്തതും തിരിച്ചടിയായി. വിയറ്റ്‌നാം, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് കുരുമുളക് ഇറക്കുമതി ചെയ്തതും പ്രതിസന്ധിയേറ്റി.
ഇഞ്ചിക്ക് തറവില
രണ്ട് കിലോ ഇഞ്ചിയ്ക്ക് 100 രൂപയാണ് വില. രണ്ട് വർഷത്തോളമായി ഇഞ്ചിയുടെയും ചുക്കിന്റെയും വില ഉയർന്നിട്ടില്ല. കിഴങ്ങ് വർഗങ്ങളിൽ മാർക്കറ്റേറെയുള്ള ചേമ്പിന് കിലോയ്ക്ക് 50 രൂപ മാത്രമാണുള്ളത്. സീസൺ എത്തും മുമ്പേ ചേമ്പിന്റെ വില താഴ്ന്നത് ഗ്രാമീണ കർഷകരെ വിഷമത്തിലാക്കിയിരിക്കുകയാണ്. തേങ്ങയ്ക്ക് സാമാന്യം വില ലഭിക്കുന്നുണ്ടെങ്കിലും നാട്ടിൻപുറങ്ങളിൽ കിട്ടാനില്ലാത്ത സ്ഥിതിയാണ്. കഴിഞ്ഞ വേനലിലെ മച്ചിങ്ങ പൊഴിച്ചിലാണ് നാളികേരത്തിന്റെ ക്ഷാമത്തിന് കാരണമായത്. നാടൻ പച്ചക്കറികൾ, ഫലവർഗങ്ങൾ എന്നിവയുടെ സ്ഥിതിയും വ്യത്യസ്തമല്ല. ലോക്ക് ഡൗൺ കാലത്ത് തുടങ്ങിയ പൈനാപ്പിൾ കർഷകരുടെ ദുരിതം ഇപ്പോഴും അറുതിയില്ലാതെ തുടരുകയാണ്. കയറ്റുമതി നിലച്ചതാണ് മറ്റ് നാടൻ പച്ചക്കറികളെയും പഴവർഗങ്ങളെയുമെന്നപോലെ പൈനാപ്പിൾ കർഷകരെയും ദുരിതത്തിലാക്കിയത്.
കാലവർഷത്തിൽ വാഴക്കൃഷിക്കുണ്ടായ നാശവും ഉപ്പേരി പോലുള്ള മൂല്യവർദ്ധിത ഉൽപന്നങ്ങളുടെ വിപണി നഷ്ടപ്പെട്ടതും വാഴക്കർഷകരുടെ പ്രതീക്ഷകളിൽ കരിനിഴൽ വീഴ്‌ത്തി. കൊവിഡ് വ്യാപനത്താൽ പല പ്രദേശങ്ങളും കണ്ടെയ്ൻമെന്റ് സോണുകളായി തുടരുന്നതും വിവാഹം പോലുള്ള ആഘോഷങ്ങളും ചടങ്ങുകളും ലളിതമാക്കി മാറ്റിയതും വിപണിയുടെ തകർച്ചയ്ക്ക് കാരണമായിട്ടുണ്ട്. കൃഷി നഷ്ടത്തിലായതോടെ നിതൃവൃത്തിക്ക് മാർഗമില്ലാതെ സ്വർണവും വസ്തുവിന്റെ ആധാരവും ഈടുവച്ച് വായ്പയെടുക്കുന്നവരുടെ തിരക്കാണ് ബാങ്കിംഗ് സ്ഥാപനങ്ങളിൽ.