കൊല്ലം: ഓച്ചിറയിലെ ഗുരുക്ഷേത്ര ഭൂമിയുടെ പാട്ടത്തുക അന്യായമായി വർദ്ധിപ്പിച്ചത് പുനഃപരിശോധിക്കണമെന്നും ഭൂമി സൗജന്യമായി പതിച്ചുനൽകണമെന്നും ആവശ്യപ്പെട്ട് എസ്.എൻ.ഡി.പി യോഗം കരുനാഗപ്പള്ളി യൂണിയൻ നൽകിയ കത്തിൽ കളക്ടർ നടപടി തുടങ്ങി.
പാട്ടത്തുക നിശ്ചയിച്ചതിൽ അപാകതയുണ്ടോയെന്നതിനൊപ്പം മറ്റ് കാര്യങ്ങളും പരിശോധിക്കാനായി കത്ത് ഡെപ്യൂട്ടി കളക്ടർ എൽ.ആറിന് കളക്ടർ കൈമാറി. കഴിഞ്ഞ ഒൻപത് പതിറ്റാണ്ടായി ഗുരുക്ഷേത്രം നിലനിൽക്കുന്ന ഭൂമി പതിച്ചുനൽകണമെന്ന് ആവശ്യപ്പെട്ട് കരുനാഗപ്പള്ളി യൂണിയൻ 2011 മുതൽ പലതവണ അപേക്ഷ നൽകി. തുടർന്ന് റവന്യൂ വകുപ്പ് ഭൂമിയുടെ ന്യായവില അടക്കം കണക്കാക്കിയെങ്കിലും തുടർ നടപടികയുണ്ടായില്ല. പക്ഷെ 2011ൽ 1,013 രൂപയായിരുന്ന പത്ത് സെന്റ് ഭൂമിയുടെ പാട്ടം 2016ൽ 25,029 ആയി ഉയർത്തി.
ഭൂമി പതിച്ചുകിട്ടുന്നതിന് തടസമുണ്ടാകാതിരിക്കാൻ യൂണിയൻ ഭാരവാഹികൾ വർദ്ധിപ്പിച്ച പാട്ടത്തുക അടച്ചു. എന്നാൽ കഴിഞ്ഞവർഷം അവസാനം പാട്ടത്തുക രണ്ട് വർഷത്തെ മുൻകാല പ്രാബല്യത്തോടെ 2,44,000 രൂപയായി ഉയർത്തി. മൂന്ന് വർഷത്തെ പാട്ടമായി 7,32,000 രൂപ ഉടൻ അടച്ചില്ലെങ്കിൽ ഭൂമി പിടിച്ചെടുക്കുമെന്ന് യൂണിയൻ ഭാരവാഹികൾക്ക് നോട്ടീസും നൽകിയിരിക്കുകയാണ്.
തൊട്ടടുത്തുള്ള 34 ഏക്കർ ഭൂമിയുടെ പാട്ടം കേവലം ആയ്യായിരം രൂപയായിരിക്കുമ്പോഴാണ് അതേ സർവേ നമ്പരിൽ ഉൾപ്പെട്ട ഗുരുക്ഷേത്ര ഭൂമിയുടെ പാട്ടം 2,44,000 രൂപയായി ഉയർത്തിയത്. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് കരുനാഗപ്പള്ളി യൂണിയൻ കളക്ടർക്ക് കത്ത് നൽകിയത്.
''
പാട്ടത്തുക നിശ്ചയിക്കുന്നതിന് നിയമങ്ങളുണ്ട്. ഇതുപ്രകാരം തന്നെയാണോ പുതുക്കിയതെന്ന് പരിശോധിക്കാൻ ഓച്ചിറ ഗുരുക്ഷേത്ര ഭൂമിയുമായി ബന്ധപ്പെട്ട കത്ത് എൽ.ആർ ഡെപ്യൂട്ടി കളക്ടർക്ക് കൈമാറി.
ബി. അബ്ദുൽ നാസർ
ജില്ലാ കളക്ടർ