കൊട്ടാരക്കര: തിരഞ്ഞെടുപ്പ് ഫലം പുറത്തുവരാൻ ഇരുപത് നാളുകൾ അവശേഷിക്കെ വിവിധ കേന്ദ്രങ്ങളിൽ ചർച്ചകളും വിലയിരുത്തലുകളും വാതുവയ്പ്പുകളും കൊഴുക്കുകയാണ്. ചായപ്പീടികയിലെ തടി ബഞ്ചിൽ ചൂടുചായ മോന്തിയുള്ള ചർച്ചകളിലെ വാതുവയ്പ്പുകളാണ് സജീവമായിരിക്കുന്നത്. വയറുനിറയെ കാപ്പിയും ആഹാരവുമാണ് മിക്ക ഇടങ്ങളിലും വാതുവയ്പ്പിൽ തെളിയുന്നത്.എന്നാൽ യുവാക്കളും മുതിർന്ന പുരുഷന്മാരും മദ്യത്തിൽ തന്നെ വാതുറപ്പിക്കുന്നു. എല്ലാത്തിനും നേരം കുറിച്ചിരിക്കുന്നത് മേയ് 2ന് തന്നെയാണ്. കശു അണ്ടി ഫാക്ടറി തൊഴിലാളികളും വാതുവയ്പ്പിൽ ഒട്ടും പിന്നിലല്ല. അവിടെ ചെറിയ തുകക്കുള്ള വാതുവയ്പ്പുകൾ മാത്രമെ ഉള്ളു.മുന്നണി സ്ഥാനാർത്ഥികൾ ഒന്നുപോലെ വിജയം അവകാശപ്പെട്ടതോടെ സ്വന്തം സ്ഥാനാർത്ഥിയുടെ വിജയം തീർത്തുറപ്പിക്കാൻ പറ്റാത്തതിനാലാണ് പലരും ചെറിയ രീതിയിലുള്ള വാതുവയ്പ്പിൽ ഉറച്ചു നിൽക്കുന്നത്. ഇടത്, വലത് മുന്നണി സ്ഥാനാർത്ഥികൾ രണ്ടുപേരും മെച്ചപ്പെട്ട മത്സരം കാഴ്ചവച്ചതിനാൽ ഫലപ്രവചനം തൊഴിലാളികളെയും പാർട്ടി പ്രവർത്തനത്തിൽ നിന്ന് അകന്നു നിൽക്കുന്ന അനുഭാവികളെയും ആശങ്കയിലാഴ്ത്തുന്നു. സ്ത്രീ തൊഴിലാളികൾ മുമ്പെങ്ങുമില്ലാത്ത വിധം വാതുവയ്പ്പിൽ പങ്കെടുത്തിരിക്കുകയാണ്.