കൊട്ടാരക്കര: കെ.എസ്.ആർ.ടി.സി ബസിൽ വൃദ്ധയുടെ പണവും സ്വർണാഭരണങ്ങളും മോഷണം പോയി. പനവേലി പട്ടേരി മുക്ക് കുന്ന് വിളവീട്ടിൽ മേരിക്കുട്ടി (70)​യുടെ പേഴ്സിൽ സൂക്ഷിച്ചിരുന്ന 5000 രൂപയും ഒരു പവന്റെ സ്വർണവളയും രണ്ടു ഗ്രാം തൂക്കമുള്ള മോതിരവുമാണ് നഷ്ടപ്പെട്ടത്. ഇന്നലെ ഉച്ചയോടെ മേരിക്കുട്ടി പഴയ സ്വർണം കൊട്ടാരക്കരയിലെ സ്വർണക്കടയിൽ മാറ്റി വാങ്ങുന്നതിനായി കൊച്ചുമകൾ സാലിക്കൊപ്പം കെ.എസ്.ആർ.ടി.സി ബസിൽ കൊട്ടാരക്കരയിലെത്തിയിരുന്നു. കൊട്ടാരക്കരയിൽ ടൗണിലെ ഹോട്ടലിൽ കൊച്ചുമകൾക്കൊപ്പം ചായകുടിച്ചശേഷം പണം നൽകുന്നതിനായി പേഴ്സ് തുറന്നപ്പോഴാണ് പണം നഷ്ടപ്പെട്ട വിവരം അറിയുന്നത്. തുടർന്ന് തളർച്ച അനുഭവപ്പെട്ട മേരിക്കുട്ടി കുറച്ചു നേരം സ്റ്റാൻഡിൽ വിശ്രമിച്ച ശേഷം കൊട്ടാരക്കര പൊലീസിന് പരാതി നൽകി.