c
ജങ്കാർ കടവിൽ ഡ്രഡ്ജിംഗ് നടക്കുന്നു

പെരുമൺ - പേഴുംതുരുത്ത് ജങ്കാർ സർവീസ് ഇന്ന് പുനഃരാരംഭിക്കും

കൊല്ലം: മൺറോത്തുരുത്ത് നിവാസികളുടെ ചുറ്റിക്കറങ്ങിയുള്ള യാത്രയ്ക്ക് പരിഹാരമായി പെരുമൺ - പേഴുംതുരുത്ത് ജങ്കാർ സർവീസ് ഇന്ന് പുനഃരാരംഭിക്കും. വെ​ള്ളം​ ​കു​റ​ഞ്ഞ​തി​നാ​ൽ​ ജങ്കാർ കടവിൽ അടുപ്പിക്കുന്നതിന് ബുദ്ധിമുട്ടുണ്ടായതിനെ തുടർന്ന് സർവീസ് താത്കാലികമായി നിറുത്തിവച്ചിരുന്നു. ജ​ങ്കാ​ർ​ ​ക​ട​വി​ൽ​ ​അ​ടി​ഞ്ഞു​കൂ​ടി​യ​ ​ചെ​ളി​ ​ഡ്ര​ഡ്ജ് ​ചെ​യ്ത് ​മാ​റ്റുന്ന ജോലി ഇന്നലെ ആരംഭിച്ചു. ​സർവീസ് നിലച്ചതോടെ യാത്രക്കാർക്കുണ്ടായ ബുദ്ധിമുട്ടിനെപ്പറ്റി കേരളകൗമുദി കഴിഞ്ഞ ദിവസം വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. തുടർന്ന് മൺറോത്തുരുത്ത് പഞ്ചായത്ത് അധികൃതർ ഇടപെടുകയും കായലിൽ ഡ്രഡ്ജിംഗ് നടത്താൻ പൊതുമരാമത്ത് വകുപ്പ് തയ്യാറാവുകയുമായിരുന്നു. മൺറോത്തുരുത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മിനി സൂര്യകുമാറിന്റെ നേതൃത്വത്തിൽ ബ്രിഡ്ജസ് എക്സിക്യുട്ടീവ് എൻജിനിയറുമായി നടത്തിയ ചർച്ചയിൽ പ്രശ്നം പരിഹരിക്കാമെന്ന് ഉറപ്പ് നൽകിയിരുന്നു. ജങ്കാർ സർവീസ് പുനരാരംഭിക്കുന്നതോടെ നഗരത്തിലെത്താൽ 32 കിലോമീറ്റർ യാത്രയ്ക്ക് പകരം 13 കിലോമീറ്റർ സഞ്ചരിച്ചാൽ മതിയാകും.

ഉപകരണങ്ങൾ മാറ്റുന്നത് സർവീസ് ആരംഭിച്ച ശേഷം

ഇന്നലെ രാവിലെ എട്ട് മണിക്ക് തുടങ്ങിയ ഡ്രഡ്ജിംഗ് വൈകിട്ടോടെ അവസാനിച്ചെങ്കിലും ഇന്ന് ജങ്കാർ സർവീസ് ആരംഭിച്ചതിന് ശേഷം മാത്രമേ ഉപകരണങ്ങൾ മാറ്റുകയുള്ളൂ. സർവീസിനിടയ്ക്ക് മറ്റുള്ളയിടങ്ങളിൽ യാത്രയ്ക്ക് തടസംവന്നാൽ പരിഹരിക്കുന്നതിനായാണ് ഇന്നുകൂടി ഉപകരണങ്ങൾ സൂക്ഷിക്കുന്നത്. ജങ്കാർ സർവീസ് നടത്തുന്ന കായലിലെ പെരുമൺ ഭാഗത്താണ് ഡ്രഡ്ജിംഗ് നടത്തി ആഴംകൂട്ടിയത്.

കായലിൽ ജലനിരപ്പ് കുറഞ്ഞു

കായലിൽ ജലനിരപ്പ് കുറഞ്ഞതോടെ ജങ്കാറിന്റെ അടിഭാഗം മണ്ണിലുറയ്ക്കുന്നത് പതിവായതോടെയാണ് സർവീസ് താത്കാലികമായി നിറുത്തിവയ്ക്കേണ്ടി വന്നത്. പെരുമൺ - പേഴുംതുരുത്ത് പാലം നിർമ്മിക്കുന്നതിന്റെ ഭാഗമായി പെരുമൺ ഭാഗത്ത് നേരത്തേയുണ്ടായിരുന്ന ജങ്കാർ ജെട്ടി മാറ്റി പെരുമൺ ക്ഷേത്രത്തിന് സമീപത്തേക്ക് സ്ഥാപിച്ചിരുന്നു. അന്നുതന്നെ ഈഭാഗം ഡ്രഡ്ജ് ചെയ്ത് ആഴംകൂട്ടണമെന്ന് ജങ്കാറിന്റെ കരാറുകാർ മൺറോത്തുരുത്ത് പഞ്ചായത്ത് അധികൃതരോട് ആവശ്യപ്പെട്ടിരുന്നതാണ്. എന്നാൽ അന്ന് ജങ്കാർ യാത്രചെയ്യാനുള്ള വഴിതെളിക്കുക മാത്രമാണ് ചെയ്തതെന്നാണ് നാട്ടുകാരുടെ ആക്ഷേപം.

പെരുമൺ- പേഴുംതുരുത്ത് ജങ്കാർ

ആരംഭിച്ചത്​ - 2011
ട്രിപ്പുകൾ - 54
സർവീസ് -രാവിലെ 7 മുതൽ രാത്രി 8.30 വരെ