കൊട്ടാരക്കര: റെയിൽവേ സ്റ്റേഷൻ ജംഗ്ഷന് സമീപം ശുചിമുറി മാലിന്യം തള്ളുന്നത് നാട്ടുകാരെ ബുദ്ധിമുട്ടിലാക്കുന്നു. റെയിൽവേ സ്റ്റേഷൻ ജംഗ്ഷന് സമീപം നീലേശ്വരം റോഡിൽ കല്ലുകെട്ടി ബ്രിഡ്ജിന് സമീപമുള്ള തോട്ടിലേക്കാണ് മാലിന്യം ഒഴുക്കിയത്. രാത്രികാലങ്ങളിൽ ലോറികളിൽകൊണ്ടുവരുന്ന ശുചിമുറി മാലിന്യമാണ് റോഡിന് സമീപമുള്ള തോട്ടിലോ, കുളങ്ങളിലോ മറിച്ചശേഷം സാമൂഹ്യ വിരുദ്ധർ മുങ്ങുന്നത്. ഒരു വർഷത്തിനിടെ കൊട്ടാരക്കര ടൗണിലും പരിസര പ്രദേശങ്ങളിലുമായി പത്തിലധികം തവണ മാലിന്യം തള്ളിയിട്ടുണ്ട്. ഇപ്രകാരം മാലിന്യം തള്ളുന്ന സാമൂഹ്യ വിരുദ്ധ സംഘത്തെ നാട്ടുകാർ പിടികൂടി വാഹനം സഹിതം പൊലീസിന് കൈമാറിയിട്ടുമുണ്ട്. എന്നാൽ പെറ്റിക്കേസെടുക്കുകയും ചെറിയ പിഴ ഈടാക്കുകും ചെയ്യുന്നതോടെ പൊലീസിന്റെ നിയമ നടപടികൾ പൂർത്തിയാകും. ഒരുമാസത്തിനകം ഇതേ സംഘം ഇതേ വാഹനത്തിൽ പൊതു നിരത്തിൽ മാലിന്യം തള്ളുകയാണ് പതിവ്. ഇതിനെതിരെ കർശന നിയമ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. നഗരസഭ പരിധിയിലെ സി.സി.ടി.വി കാമറകൾ പ്രവർത്തന ക്ഷമമാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.