navas
കാറിടിച്ചു മരിച്ച കുരങ്ങൻ

ശാസ്താംകോട്ട: ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തിന് സമീപം ചന്തക്കുരങ്ങുകളുടെ ശല്യം രൂക്ഷമായി. ദേവസ്വം ബോർഡ് കോളേജിന് കിഴക്കുള്ള കുന്നിൻപുറം നിവാസികളാണ് ഏറെ ബുദ്ധിമുട്ടുന്നത്. കൃഷി നശിപ്പിക്കുക,​ ഫലങ്ങൾ തിന്ന് വലിച്ചെറിയുക, വാട്ടർ ടാപ്പുകൾ നശിപ്പിക്കുക തുടങ്ങി പ്രദേശത്തെ വീടിനുള്ളിൽ കടന്ന് ആഹാര സാധനങ്ങൾ കവരുന്നതടക്കമുള്ള നിരവധി പരാതികളാണ് ഉയരുന്നത്.

 വ്യാപാരികൾക്കും ശല്യം

ശാസ്താംകോട്ട ജംഗ്ഷനിലെ വ്യാപാര സ്ഥാപനങ്ങളിലും കുരങ്ങന്മാരുടെ ശല്യമുണ്ട്. പരാതിയെ തുടർന്ന് ശാസ്താംകോട്ട ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ വനം വകുപ്പിന്റെ സഹകരണത്തോടെ കുരങ്ങ് ശല്യം കുറയ്ക്കാൻ പല പദ്ധതികളും ആസൂത്രണം ചെയ്തെങ്കിലും തുടർ നടപടികളുണ്ടായില്ല. അമ്പലവാസികളല്ലാത്ത കുരങ്ങുകളെ പിടിച്ച് വനത്തിലേക്ക് അയയ്ക്കുന്നത് സംബന്ധിച്ച് ജില്ലാ കളക്ടറുടെ പ്രശ്ന പരിഹാര അദാലത്തിൽ ഗ്രാമ പഞ്ചായത്ത് അംഗം എസ്.ദിലീപ് കുമാറിന്റെ നേതൃത്വത്തിൽ പരാതി നൽകിയെങ്കിലും തുടർ നടപടിയുണ്ടായില്ല. വനം വകുപ്പ് ഉദ്യോഗസ്ഥർ ശാസ്താംകോട്ടയിലെത്തി പഞ്ചായത്ത് അധികൃതരുമായി ചർച്ച നടത്തി കുരുങ്ങുകളെ പിടിക്കുന്നതിന് കൂട് സ്ഥാപിക്കാമെന്ന് പറഞ്ഞെങ്കിലും നടപടിയില്ല.


കാറിടിച്ച് കുരങ്ങൻ ചത്തു


ഇന്നലെ രാവിലെ 11 ഓടെ ശാസ്താംകോട്ട പോസ്റ്റ് ഓഫീസിന് സമീപത്ത് കാറിടിച്ച് ഒരു കുരങ്ങൻ ചത്തു. റോഡ് മുറിച്ചു കടക്കുന്നതിനിടയിലാണ് കാറിടച്ചത്.കുരങ്ങനെ കണ്ട് കാർ വേഗത കുറച്ചെങ്കിലും തലയുടെ ഭാഗത്ത് ഇടിയേറ്റ് തെറിച്ചു വീഴുകയായിരുന്നു. സമീപത്തെ വ്യാപാരികളായ നിസാം, രഘു, പ്രജീഷ് എന്നിവർ ചേർന്ന് രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ശ്രമം വിഫലമായി.