c

പരവൂർ : മകൻ ജോലിക്ക് പോയസമയം വീട്ടിൽ ഒറ്റയ്ക്കായിരുന്ന വയോധികയുടെ 1750 രൂപയും കമ്മലും മോഷ്‌ടിച്ചയാൾ പരവൂർ പൊലീസിന്റെ പിടിയിലായി. മയ്യനാട് ധവളക്കുഴി കോട്ടവിള വീട്ടിൽ ശ്രീകുമാറിനെയാണ് (38) പൊലീസ് പിടികൂടിയത്. കോട്ടപ്പുറം കട്ടാകുളത്തിന് സമീപം ലക്ഷ്മി സദനത്തിൽ രാജേശ്വരി അമ്മയുടെ (85) കമ്മലും പണവുമാണ് മോഷണം പോയത്. വയോധികയെ തള്ളിയിട്ട ശേഷം കൈയിലുണ്ടായിരുന്ന പണം പിടിച്ചുവാങ്ങി കമ്മൽ ബലമായി ഊരിയെടുത്ത്‌ ഒാടി രക്ഷപ്പെടുകയായിരുന്നു ശ്രീകുമാർ. ഇദ്ദേഹം നേരത്തേ ഇവരുടെ കുടുംബക്ഷേത്രത്തിലടക്കം പൂജാരിയായി ജോലി ചെയ്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. വ്യാഴാഴ്ച്ചയാണ് സംഭവം നടന്നത്. പാങ്ങോട് പട്ടാള ക്യാമ്പിൽ ജോലിയുള്ള മകൾ വൈകിട്ട് വീട്ടിലെത്തിയപ്പോഴാണ് വിവരം അറിയുന്നത്. വെള്ളിയാഴ്ച്ചയാണ് പൊലീസിൽ പരാതി നൽകിയത്. കവർച്ചയ്ക്ക് ശേഷം കറങ്ങിനടന്ന ശ്രീകുമാറിനെ സുഹൃത്തിന്റെ സഹായത്തോടെ പരവൂരിലേക്ക് വിളിച്ചുവരുത്തിയാണ് പിടികൂടിയത്. പരവൂർ ഐ.എസ്.എച്ച്.ഒ സംജിത്ത് ഖാന്റെ നേതൃത്വത്തിൽ എസ്.ഐ വിജിത്ത് കെ. നായർ, ഗ്രേഡ് എസ്.ഐമാരായ ജോയിക്കുട്ടി, നിസാം, എ.എസ്.ഐ ഹരിസോമൻ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ പരവൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.