c

ചാത്തന്നൂർ: പാരിപ്പള്ളി മീനമ്പലത്ത് യുവാക്കൾ ബൈക്ക് റൈസിംഗ് നടത്തിയതിനെ തുടർന്ന് രണ്ടു കോളനികളിലുള്ളവർ തമ്മിൽ ഏറ്റുമുട്ടി. സ്ത്രീകൾ അടക്കം അഞ്ചു പേർക്കാണ് അടിപിടിയിൽ പരിക്കേറ്റത്. മീനമ്പലം കാടുജാതി കോളനിയിൽ മനോജ്‌ (19), മീനമ്പലം നാഞ്ചൻവിള കോളനിയിൽ ജെസിൻ (21), വിഷ്ണു (17), ലത്തീഫാബീവി (67), മകൾ ഹസീന (47) എന്നിവർക്കാണ് പരിക്കേറ്റത്.

വെള്ളിയാഴ്ച വൈകിട്ട് മൂന്നരയോടെ നടന്ന സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ:
മീനമ്പലം കാടുജാതി കോളനിയിലെ മനോജ്‌ സാധനങ്ങൾ വാങ്ങാൻ നഞ്ചൻവിള കോളനിയിലെത്തിയത് ഭീതി ജനിപ്പിക്കുന്ന രീതിയിൽ ബൈക്ക് റൈസിംഗ് നടത്തിക്കൊണ്ടാണ്. പ്രദേശവാസികൾ ഇത് വിലക്കിയതാണ് സംഘർഷത്തിന്റെ തുടക്കം. തുടർന്നുണ്ടായ വാക്കേറ്റത്തിനിടെ മനോജിന് മർദ്ദനമേറ്റു. മനോജ് മടങ്ങിയതിനു പിന്നാലെ കാടുജാതി കോളനിയിൽ നിന്ന് സ്ത്രീകൾ ഉൾപ്പടെയുള്ളവരെത്തി മനോജിനെ തല്ലിയവരോട് വാക്കേറ്റമുണ്ടാക്കി. ഇത് കൂട്ടത്തല്ലിലാണ് കലാശിച്ചത്. ഇതിനിടെയാണ് ജസിൻ, വിഷ്ണു, ലത്തീഫാബീവി, ഹസീന എന്നിവർക്ക് പരിക്കേറ്റത്.
പരിക്കേറ്റവർ പാരിപ്പള്ളി മെഡി. കോളേജ് ആശുപത്രിയിലെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം വീടുകളിലേയ്ക്ക് മടങ്ങി. ഇരുവിഭാഗത്തിലുള്ളവരെയും പ്രതികളാക്കി പാരിപ്പള്ളി പൊലീസ് കേസെടുത്തു.
പ്രദേശത്തെ ചില യുവാക്കൾ ഉച്ചത്തിൽ ശബ്ദമുണ്ടാക്കി ബൈക്ക് അമിതവേഗത്തിൽ ഓടിക്കുന്നത് പതിവാണെന്ന് പ്രദേശവാസികൾ പറയുന്നു.