കൊല്ലം: കഴിഞ്ഞ മൂന്ന് ദിവസമായി വള്ളക്കാരുടെയും ബോട്ടുകാരുടെയും വലകളിൽ കൂട്ടത്തോടെ കുരുങ്ങുന്നത് നെത്തോലി. കഴിഞ്ഞ ദിവസങ്ങളിലേതിനേക്കാൾ കൂടുതൽ നെത്തോലി ഇന്നലെ എത്തിയതോടെ വില കുത്തനെ ഇടിഞ്ഞു.
കൊല്ലം തീരത്തും വാടിയിലും പുലർച്ചെ ഒരു കിലോ നെത്തോലിക്ക് 120 രൂപയായിരുന്നു. വള്ളങ്ങൾ കൂട്ടത്തോടെ നെത്തോലിയുമായി എത്തിയതോടെ വില 80ലേക്ക് താഴ്ന്നു. ചെറിയ കരിച്ചാളയും നെത്തോലിയും കൂടിക്കലർന്ന ഒരുകിലോ 50 രൂപയ്ക്ക് വരെയാണ് പോയത്.
കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത വേനൽ മഴയിൽ കായൽ ജലം കൂടുതലായി കടിലിലേക്ക് എത്തി. ഇങ്ങനെ തീരക്കടൽ തണുത്തതോടെ ഉൾക്കടലിൽ നിന്ന് മത്സ്യം തീരത്തേക്ക് വന്നുതുടങ്ങിയിട്ടുണ്ടാകുമെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു.
എല്ലാവർഷത്തെയും പോലും കഴിഞ്ഞ ഡിസംബറിൽ മത്സ്യലഭ്യത കുറഞ്ഞ് തുടങ്ങിയതാണ്. സാധാരണ മാർച്ച് പകുതിയോടെ വലയിൽ കൂടുതൽ മത്സ്യം കുരുങ്ങുന്നതാണ്. എന്നാൽ ഇത്തവണ മത്സ്യലഭ്യതയിൽ കാര്യമായ വർദ്ധനവില്ല.
കണാനില്ല ചാള
കൊല്ലം തീരത്തിന്റെ ട്രേഡ് മാർക്കായ ചാള കണികാണാനേയില്ല. ഇത്തിരി ചാള കിട്ടിയാൽ മത്സ്യത്തൊഴിലാളികൾക്ക് പൊന്നുംവില കിട്ടുന്ന സ്ഥിതിയാണ്. ഒരാഴ്ച മുൻപ് കൊല്ലം തീരത്ത് അരക്കുട്ട ചാളയെത്തി. അന്ന് കിലോ 250 രൂപയ്ക്കാണ് ലേലം പോയത്. കിളിമീൻ, വങ്കട തുടങ്ങിയ ഇനങ്ങളും ഇപ്പോൾ എത്തുന്നില്ല. ചൂര, പൊള്ളൽ, കൊഴിയാള, അയല എന്നിവയാണ് എത്തുന്നത്.
ലഭ്യത കുറഞ്ഞതിന് പിന്നിൽ
1. പ്രതികൂലമായ കാലാവസ്ഥ 2. വളനിർമ്മാണത്തിനായുള്ള ചെറുമത്സ്യവേട്ട 3. അനിയന്ത്രിത മത്സ്യബന്ധനം 4. നിരോധന വലകളുടെ ഉപയോഗം
ഇനം, വില (കിലോ)
നെയ്മീൻ 900 - 950 രൂപ
പൊള്ളൽ ചൂര 120 - 125 രൂപ
ചൂര 180 - 200 രൂപ
അയല 220 - 250 രൂപ
നെത്തോലി 80 - 120 രൂപ
''
നെത്തോലിയും കരിച്ചാളയും വൻതോതിൽ കിട്ടുന്നത് തീരക്കടൽ ഇളകിയതിന്റെ സൂചനയാണ്. രണ്ട് ദിവസം കൂടി മഴ ലഭിച്ചാൽ മത്സ്യലഭ്യത ഇനിയും ഉയരും.
മത്സ്യത്തൊഴിലാളികൾ