കൊട്ടിയം: ഇരവിപുരം ആലുംമൂട് ശിവക്ഷേത്രത്തിലെ കാണിക്കവഞ്ചി തകർത്ത് പണം കവർന്നു. കഴിഞ്ഞദിവസം രാത്രിയാണ് സംഭവം. രാവിലെ നടതുറക്കാനെത്തിയ പൂജാരിയാണ് വഞ്ചി കുത്തിത്തുറന്ന നിലയിൽ കണ്ടത്. തുടർന്ന് ക്ഷേത്ര കമ്മിറ്റി ഭാരവാഹികളെ വിവരം അറിയിച്ചു. ക്ഷേത്രം ഭാരവാഹികൾ പരാതി നൽകിയതിനെ തുടർന്ന് ഇരവിപുരം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ക്ഷേത്രത്തിന് സമീപമുള്ള സി.സി ടി.വി ദൃശ്യങ്ങൾ ശേഖരിച്ചു. രണ്ടാഴ്ച മുൻപാണ് ക്ഷേത്രത്തിന് സമീപമുള്ള ഫ്ലാറ്റിലെ കിണറ്റിൽ സ്ഥാപിച്ചിരുന്ന നാല് മോട്ടോറുകൾ മോഷണം പോയത്.
ആഴ്ച്ചകൾക്ക് മുൻപ് ഇരവിപുരം ചെട്ടിനട ക്ഷേത്രത്തിനു മുന്നിലെ കാണിക്കവഞ്ചി തകർത്ത് പണം കവർന്നിരുന്നു. കൂടാതെ ജോളി ജംഗ്ഷനിലെ കൊച്ചു മണ്ടയ്ക്കാട് ദേവി ക്ഷേത്രത്തിലെ വിഗ്രഹത്തിലുണ്ടായിരുന്ന സ്വർണാഭരണങ്ങൾ അപഹരിക്കുകയും ക്ഷേത്രത്തിനു മുന്നിലെ വഞ്ചി കുത്തിത്തുറക്കാൻ ശ്രമിക്കുകയും ചെയ്തിരുന്നു. ഇരവിപുരത്തും സമീപ പ്രദേശങ്ങളിലും ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ചുള്ള മോഷണങ്ങൾ പതിവാണ്. പൊലീസിന്റെ രാത്രികാല പട്രോളിംഗ് ശക്തമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.