പുത്തൂർ: അവധി ദിനത്തിൽ ഏക മകളെ കാണാൻ പോകുന്നതിനിടെയാണ് അച്ഛനെ മരണം കൂട്ടിക്കൊണ്ടുപോയത്. ഇന്നലെ ഉച്ചയ്ക്ക് 12.45 ഓടെ പുത്തൂർ മണ്ഡപം ജംഗ്ഷനിലെ അപകടത്തിലാണ് ശാസ്താംകോട്ട മനക്കര ഗൗരിയിൽ വിജയകുമാർ മരിച്ചത്.
രണ്ടാം ശനിയാഴ്ചയായതിനാൽ മകളെ കാണാൻ പുത്തൂർ ആറ്റുവാശേരിയിലേക്ക് പോവുകയായിരുന്നു വിജയകുമാർ. ഭാര്യ ഉഷാകുമാരിയുടെ മരണശേഷം അവധി ദിനങ്ങളിൽ മകളുടെ വീട്ടിൽ പോകുന്നത് പതിവായിരുന്നു. പുത്തൂരിലിറങ്ങി പലഹാരങ്ങൾ വാങ്ങി ആറ്റുവാശേരിയിലെ മകളുടെ വീട്ടിലേക്ക് പോകുന്നതാണ് ശീലം.
പ്രധാന റോഡ് മുറിച്ച് എതിരെ വന്ന കാർ ഇടറോഡിലേക്ക് കടന്നപ്പോഴാണ് ബസ് ബ്രേക്കിട്ടത്. ജീവനക്കാർ ആളിറങ്ങാനുണ്ടോയെന്ന് ചോദിച്ചപ്പോഴേക്കും വിജയകുമാർ ഡോർ തുറന്ന് ഇറങ്ങി. അപ്പോഴേക്കും ബസ് മുന്നോട്ടെടുത്തു. പിടിവിട്ട് റോഡിൽ വീണയുടൻ ബസിന്റെ പിൻ ചക്രം തലയിലൂടെ കയറിയിറങ്ങി. സംഭവ സ്ഥലത്തുവച്ചുതന്നെ മരിച്ചു. നിമിഷ നേരംകൊണ്ട് മണ്ഡപം ജംഗ്ഷനിൽ വലിയ ആൾക്കൂട്ടമായി. കൊടിക്കുന്നിൽ സുരേഷ് എം.പിയും സ്ഥലത്തെത്തി. പുത്തൂർ പൊലീസ് മൃതദേഹം തുണികൊണ്ട് മറച്ചു. ഏറെനേരത്തിന് ശേഷമാണ് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയത്. ബസ് പൊലീസ് കസ്റ്റഡിയിലെടുത്തു.