c
കൊ​ല്ലം​ ​ബൈ​പ്പാ​സിലെ ടോൾ പ്ലാസ

കൊല്ലം: തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം അവസാനിക്കുന്നതിന് പിന്നാലെ കൊല്ലം ബൈപ്പാസിൽ ടോൾ പിരിവ് ആരംഭിക്കും. ടോൾ പിരിവ് തുടങ്ങാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് സെക്രട്ടറി സംസ്ഥാന ചീഫ് സെക്രട്ടറിക്ക് കത്ത് നൽകിയിരിക്കുകയാണ്.

ജനുവരി പകുതിയോടെ തന്നെ ബൈപ്പാസിൽ ടോൾ പിരിക്കാനുള്ള ഒരുക്കങ്ങൾ പൂർത്തിയായിരുന്നു. എന്നാൽ ജില്ലാ ഭരണകൂടം അനുമതി നൽകാത്തതിനാലാണ് പിരിവ് ആരംഭിക്കുന്നത് നീണ്ടുപോയത്. ടോൾ പിരിവ് തുടങ്ങുമ്പോൾ കുരീപ്പുഴയിലെ ടോൾ പ്ലാസ കേന്ദ്രീകരിച്ച് സമരങ്ങളുണ്ടാകാനുള്ള സാദ്ധ്യത വളരെ കൂടുതലാണെന്നും കൊവിഡ് വ്യാപനത്തിനിടയിൽ ക്രമസമാധന പ്രശ്നങ്ങൾ നിയന്ത്രിക്കാൻ കൂടുതൽ പൊലീസിനെ വിന്യസിക്കാനാകില്ലെന്നും ചൂണ്ടിക്കാട്ടിയാണ് കളക്ടർ അനുമതി നിഷേധിച്ചിരുന്നത്. ടോൾ പിരിവ് ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലാ ഭരണകൂടത്തിന് കേന്ദ്ര സർക്കാരിൽ നിന്ന് നിർദ്ദേശങ്ങളൊന്നും ലഭിച്ചിരുന്നുമില്ല. ഇതിനിടയിൽ കഴിഞ്ഞമാസം കരാർ ഏജൻസി ടോൾ പിരിവിന് ശ്രമിച്ചെങ്കിലും കളക്ടർ ഇടപെട്ട് തടയുകയായിരുന്നു.

ടോൾ പിരിവിന് അനുമതി തേടി കളക്ടർ സംസ്ഥാന സർക്കാരിന് കത്ത് നൽകിയിരുന്നു. എന്നാൽ മറുപടിയൊന്നും ലഭിച്ചില്ല. കേന്ദ്ര ഉപരിതല ഗതാഗത സെക്രട്ടറിയുടെ നിർദേശം വന്നതിനാൽ സംസ്ഥാന സർക്കാർ വൈകാതെ ടോൾ പിരിക്കാൻ അനുമതി നൽകിയേക്കും.

പിരിച്ചെടുക്കുക 176 കോടി

352 കോടി രൂപയാണ് കൊല്ലം ബൈപ്പാസിന്റെ നിർമ്മാണച്ചെലവ്. ഇതിന്റെ പകുതി തുക വഹിച്ചത് കേന്ദ്ര സർക്കാരാണ്. ഇത്രയും തുകയാകും ടോളിലൂടെ തിരിച്ചുപിടിക്കുക. വിവിധ വിഭാഗം വാഹനങ്ങൾക്കുള്ള ടോൾനിരക്ക് നിശ്ചയിച്ച് നേരത്തേ തന്നെ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. കൊല്ലം ബൈപ്പാസിന്റെ നിർമ്മാണം പൂർത്തിയായ 2019 ജനുവരിയിൽ തന്നെ ടോൾ ബൂത്തും സജ്ജമാക്കിയിരുന്നു. ടോൾ പിരിവിന്റെ കരാറെടുത്തിരിക്കുന്നത് ഉത്തരേന്ത്യൻ ഏജൻസിയാണ്.