കൊല്ലം: വിഷുവിന് ഒരു ദിവസം മാത്രം ശേഷിക്കേ കണിവെള്ളരിയുടെ വില കുതിക്കുന്നു. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി 18 രൂപയിൽ നിന്നിരുന്ന ഒരു കിലോ കണിവെള്ളരിയുടെ വില ഇന്നലെ 24 രൂപയായി വർദ്ധിച്ചു. ഇന്നും നാളെയുമായി ചെറിയ വർദ്ധനവു കൂടി ഉണ്ടാകാൻ സാദ്ധ്യതയുണ്ടെന്നാണ് കച്ചവടക്കാർ പറയുന്നത്. വിഷുക്കണി ഒരുക്കാനുള്ള കുലമാങ്ങ, ചക്ക, പഴം, ധാന്യങ്ങൾ തുടങ്ങിയവ വീട്ടുപറമ്പിൽ നിന്നുതന്നെയാണ് പലരും ശേഖരിക്കുന്നത്. എന്നാൽ പറമ്പുകളിൽ നിന്ന് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന കണിവെള്ളരി ഭൂരിഭാഗം ആളുകളും വിപണിയിൽ നിന്നാണ് വാങ്ങുന്നത്.
എത്തുന്നത് തമിഴ്നാട്ടിൽ നിന്ന്
പൊള്ളാച്ചി, മധുര, തിരുനെൽവേലി എന്നിവിടങ്ങളിൽ നിന്നാണ് കേരളത്തിലേക്ക് കൂടുതലായും കണി വെള്ളരി എത്തുന്നത്. നേരത്തേ സാമ്പാർ വെള്ളരിക്കായിരുന്നു വിപണിയിൽ കൂടുതൽ പ്രിയം. വിഷു പ്രമാണിച്ച് കഴിഞ്ഞ ദിവസങ്ങളിലാണ് കൂടുതലായി കണിവെള്ളരി എത്തിത്തുടങ്ങിയത്. നാടൻ കണിവെള്ളരിയും വിപണിയിൽ സജീവമായിട്ടുണ്ട്.
ഒരു കിലോ കണിവെള്ളരി - 24 രൂപ
ഒരു കണിവെള്ളരിയുടെ തൂക്കം - 500 മുതൽ 750 ഗ്രാം വരെ