കൊല്ലം: ഓച്ചിറ ഗുരുക്ഷേത്ര ഭൂമി പിടിച്ചെടുക്കാനുള്ള നീക്കങ്ങൾക്കെതിരെ ശക്തമായ പ്രക്ഷോഭം ആരംഭിക്കാൻ ബി.ഡി.ജെ.എസ് കരുനാഗപ്പള്ളി മണ്ഡലം കമ്മിറ്റി യോഗം തീരുമാനിച്ചു.

ശ്രീനാരായണ ഗുരുദേവന്റെ പാദസ്പർശത്താൽ പുണ്യമായ ഓച്ചിറയിലെ ഗുരുക്ഷേത്രവും ചുറ്റുമുള്ള 10സെന്റ് ഭൂമിയും കഴിഞ്ഞ 100 വർഷത്തിലേറെയായി കരുനാപ്പള്ളി എസ്.എൻ.ഡി.പി യൂണിയന്റെ അധീനതയിലാണ്. 1013 രൂപയായിരുന്ന ഈ ഭൂമിയുടെ പ്രതിവർഷ പാട്ടം ഇപ്പോൾ മുൻകാല പ്രാബല്യത്തോടെ 244000 രൂപയായി ഉയർത്തിയിരിക്കുകയാണ്. രണ്ട് വർഷത്തെ കുടിശിക സഹിതം 732500 രൂപ ഉടൻ അടച്ചില്ലെങ്കിൽ ജപ്തി ചെയ്യുമെന്ന സർക്കാർ നിലപാട് അംഗീകരിക്കാനാവില്ല. മതന്യൂനപക്ഷങ്ങൾക്ക് പട്ടയം നൽകാൻ മത്സരിക്കുന്ന ഇടത് ,​വലത് മുന്നണികൾ വർഷങ്ങളായി കരുനാഗപ്പള്ളി എസ്.എൻ.ഡി.പി യൂണിയൻ ഭാരവാഹികൾ ഈ ഭൂമിയുടെ പട്ടയത്തിനുവേണ്ടി ഭരണകേന്ദ്രങ്ങളിൽ കയറിയിറങ്ങിയിട്ടും നിഷേധാത്മക നിലപാടാണ് സ്വീകരിച്ചത്. ഈ നിലപാട് തിരുത്തി സ്ഥലം പതിച്ചു നൽകാനുള്ള നടപടി അടിയന്തരമായി സ്വീകരികരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

മണ്ഡലം പ്രസിഡന്റ് മോഹൻ ഓച്ചിറ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പ്രേംസാഗർ, ട്രഷറർ ചന്ദ്രൻ കൈപ്പള്ളി, സെക്രട്ടറിമാരായ സുരേഷ്, വിപിൻ തെക്കൻചേരി, ബാബു, പ്രകാശൻ, പ്രസാദ്, സുമേഷ്, രാജേഷ്, പ്രമോദ്, അനന്തു, ഷാജി, ജയപ്രകാശ്, സുനിൽ തുടങ്ങിയവർ സംസാരിച്ചു.