horn

 നിരോധിത മേഖലകളിലും നിയന്ത്രണമില്ല

കൊല്ലം: എയർഹോണുകളുടെ കാതുതുളയ്‌ക്കുന്ന ശബ്ദം നഗരവീഥികളിൽ വീണ്ടും അലയടിക്കാൻ തുടങ്ങി. സ്വകാര്യബസുകൾ,​ ലോറികൾ,​ കാറുകൾ എന്നിവയിൽ മാത്രമല്ല ഇരുചക്രവാഹനങ്ങളിൽ പോലും എയർഹോണുകൾ വ്യാപകമാകുകയാണ്. അതിതീവ്രതയുള്ള ഇത്തരം ഹോണുകളുടെ ശബ്ദം കാൽനടയാത്രക്കാർ ഉൾപ്പെടെയുള്ളവരിൽ അസ്വസ്ഥത സൃഷ്ടിക്കുന്നുണ്ട്. ഇവ സൃഷ്ടിക്കുന്ന ആരോഗ്യപ്രശ്നങ്ങളും ചെറുതല്ല.

ഹോൺ നിരോധിത മേഖലകളായ ആശുപത്രി, കളക്ടറേറ്റ്, കോടതി എന്നിവയുടെ പരിസരങ്ങളിൽ പോലും മ്യൂസിക്കൽ എയർഹോൺ ഉൾപ്പെടെയുള്ളവ ഉപയോഗിച്ചിട്ടും അധികൃതർ നടപടിയെടുക്കുന്നില്ല. പരിശോധനകൾ ശക്തമായിരുന്നപ്പോൾ പൂർണമായും നിലച്ച ഇവയുടെ ഉപയോഗം കൊവിഡ് കാലത്താണ് വീണ്ടും സജീവമായത്.

 യുവാക്കൾക്ക് പ്രിയം കൂടുതൽ

ഓട്ടോറിക്ഷ, ഇരുചക്ര വാഹനങ്ങൾ എന്നിവയിലും എയർഹോണുകൾ സ്ഥാപിക്കുന്നവരുണ്ട്. ഇവയ്ക്ക് പ്രത്യേകം എയർ ടാങ്കുകൾ സ്ഥാപിച്ചശേഷമാണ് ഹോണുകൾ ഘടിപ്പിക്കുന്നത്. ഏകദേശം ആയിരം മുതൽ അയ്യായിരം രൂപ വരെ ഇതിനായി ചെലവാകും. യുവാക്കളാണ് ഏറെയും ഇത്തരം ഹോണുകളുടെ ആരാധകർ.

 ആപത്തേറും ആരവം

1. 60-70 ഡെസിബെല്ലിൽ കൂടുതലുള്ള ശബ്ദതീവ്രത കേൾവിശക്തിയെ ബാധിക്കും
2. തുടർച്ചയായി ശ്രവിക്കുന്നത് മാനസിക സമ്മർദ്ദം സൃഷ്ടിക്കും

3. അപ്രതീക്ഷിതമായി കേൾക്കുമ്പോൾ ഭയപ്പെടുന്നത് മൂലം അപകടങ്ങൾക്ക് സാദ്ധ്യത

4. സ്ഥിരം കേൾക്കേണ്ടി വരുന്നത് ഓട്ടോ, ബസ്, ലോറി ഡ്രൈവർമാരും ട്രാഫിക്ക് ഉദ്യോഗസ്ഥരും

 അനുവദനീയ ഹോൺ തീവ്രത: 60 മുതൽ 96 ഡെസിബെൽ വരെ
 എയർഹോണിന്റെ തീവ്രത: 100 മുതൽ 130 ഡെസിബെൽ വരെ

 ഉപയോഗിച്ചാൽ പിഴ ഇപ്രകാരം

01. എയർ ഹോൺ, മൾട്ടി ടോൺ ഹോൺ: 10,000 രൂപ
02. അനാവശ്യമായും തുടർച്ചയായും ഹോൺ മുഴക്കുന്നത്: 1000 രൂപ പിഴ, ആവർത്തിച്ചാൽ 2000 രൂപ
03. നിരോധിത മേഖലകളിൽ ഹോൺ മുഴക്കുന്നത്: 1000 രൂപ പിഴ, ആവർത്തിച്ചാൽ 2000 രൂപ