പുനലൂർ: നഗരമദ്ധ്യത്തിലൂടെ കടന്ന് പോകുന്ന കല്ലടയാറിന് കുറുകെ പുതിയ പാലം വേണമെന്നാവശ്യം ഉയർന്നിട്ടും നടപടികൾ നീണ്ട് പോകുന്നതിൽ പ്രതിഷേധം വ്യാപകമാകുന്നു. പുനലൂർ-പത്തനാപുരം പാതയിലെ ബോയ്സ് ഹൈസ്കൂൾ ജംഗ്ഷനിൽ നിന്ന് തൂക്ക്പാലം -ശിവൻകോവിൽ റോഡിൽ എത്താവുന്ന തരത്തിൽ പുതിയ പാലം പണിയണമെന്നാവശ്യം ഉയർന്നിട്ട് വർഷങ്ങൾ പിന്നിടുകയാണ്.
ഗതാഗതക്കുരുക്കിൽ വലഞ്ഞ്
ടൗണിലോ, ടി.ബി.ജംഗ്ഷനിലോ ഗതാഗത തടസങ്ങൾ ഉണ്ടായാൽ പത്തനാപുരം,തെന്മല ഭാഗങ്ങളിൽ നിന്ന് പുനലൂരിൽ എത്തേണ്ട യാത്രക്കാരും പുനലൂരിൽ നിന്ന് ഈ രണ്ട് പ്രദേശങ്ങളിൽ പോകേണ്ട യാത്രക്കാരും വലയും. നിലവിൽ ദേശീയ പാത കടന്ന് പോകുന്ന തൂക്ക് പാലത്തിന് സമീപത്തെ വലിയ പാലം വഴി മാത്രമെ രണ്ട് ഭാഗങ്ങളിലേക്കും വാഹനങ്ങൾക്ക് കടന്ന് പോകാൻ കഴിയൂ.പുനലൂർ-പത്തനാപുരം റോഡും ശിവൻകോവിൽ റോഡും ബന്ധിപ്പിക്കുന്ന നിലയിൽ കല്ലടയാറിന് മദ്ധ്യേ സ്ഥിതി ചെയ്യുന്ന റെയിൽവേ പാലത്തിന് സമീപത്ത് കൂടി ഒരു പുതിയ പാലം കൂടി പണിതാൽ തൂക്ക് പാലത്തിനോട് ചേർന്ന പഴയ പാലത്തിൽ കയറാതെ പുനലൂരിലേക്കും തിരിച്ചും പട്ടണത്തിലെ ഗതാഗതക്കുരുക്കിൽപ്പെടാതെ വാഹനങ്ങൾക്കും മറ്റും കടന്ന്പോകാൻ കഴിയും. ഇതാണ് പുനലൂരിലെ കല്ലടയാറിന് മദ്ധ്യേ ഒരു പുതിയ പാലം കൂടി പണിയണം എന്ന ആവശ്യം ശക്തമാകാൻ കാരണം.