കൊട്ടാരക്കര: തൃക്കണ്ണമംഗൽ തോട്ടംമുക്ക് ചെട്ടിമൂട് ഭാഗത്തെ വെള്ളക്കെട്ട് പ്രദേശവാസികൾക്ക് ഭീഷണിയാകുന്നു.കഴിഞ്ഞ ദിവസം വൈകിട്ടുണ്ടായ ശക്തമായ മഴയിൽ പ്രദേശത്ത് റോഡ് വെള്ളത്തിൽ മുങ്ങി. കാൽനട യാത്രക്കാർക്ക് പോലും കടന്നുപോകാൻ കഴിയാത്ത അവസ്ഥയാണ്.ചെട്ടിമൂട് ഭാഗത്തെ കോൺക്രീറ്റ് റോഡിന് സൈഡിൽ ഓടയില്ലാത്തതാണ് വെള്ളക്കെട്ടിന് കാരണം. റോഡിന് സൈഡിലുള്ള വീടുകൾക്കും വെള്ളക്കെട്ട് ഭീഷണിയാകുന്നു. ചെട്ടിമൂട് മണി, രമേശ്, ഗോപിനാഥൻ, ആനന്ദവിലാസത്തിൽ മുരുകൻ എന്നിവരുടെ വീടുകൾക്കാണ് പ്രധാനമായും ഭീഷണിയുള്ളത്.ശക്തമായ മഴ പെയ്താൽ മണിക്കൂറുകളോളം റോഡും പരിസര പ്രദേശങ്ങളും വെള്ളക്കെട്ടിലമരും. തോട്ടം മുക്കിൽ നിന്ന് ആനയഴികത്തുഭാഗം വഴി പ്ളാപ്പള്ളിയിലേക്കുള്ള റോഡിന്റെ ചെട്ടിമൂട് ഭാഗമാണ് ദുരിതത്തിലാകുന്നത്.. അടിയന്തരമായി പ്രദേശത്ത് ഓട നിർമ്മിച്ച് വെള്ളക്കെട്ട് പരിഹരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.