ചാത്തന്നൂർ: ദേശീയപാതയിൽ ബുള്ളറ്റ് സ്കൂട്ടറുമായി കൂട്ടിയിടിച്ച് നാലുപേർക്ക് പരിക്ക്. സ്കൂട്ടർ യാത്രക്കാരനായ പാരിപ്പള്ളി വി.എൻ. നിവാസിൽ വിജയൻ (61), ബുള്ളറ്റ് യാത്രികരായ കല്ലുവാതുക്കൽ കിഴക്കതിൽ വീട്ടിൽ പ്രജിത് (24), മേവനക്കോണം ലക്ഷ്മിനിവാസിൽ അനന്ദുരാജ് (24), പാരിപ്പള്ളി ആർ.എസ്. ഭവനിൽ അരുൺരാജ് (24) എന്നിവർക്കാണ് പരിക്കേറ്റത്.
ഇന്നലെ ഉച്ചയ്ക്ക് 12.30ഓടെ ദേശീയപാതയിൽ ശ്രീരാമപുരത്തായിരുന്നു അപകടം. പാരിപ്പള്ളിയിൽ നിന്ന് ചാത്തന്നൂരിലേക്ക് വരികയായിരുന്നു ഇരുവാഹനങ്ങളും. ശ്രീരാമപുരം പെട്രോൾ പമ്പിലേക്ക് കയറാൻ സ്കൂട്ടർ എതിർവശത്തേയ്ക്ക് തിരിയവേ പിന്നാലെ വരികയായിരുന്ന ബുള്ളറ്റ് ഇടിക്കുകയായിരുന്നു.
പരിക്കേറ്റവരെ ആദ്യം പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുള്ളറ്റിലുണ്ടായിരുന്ന മൂന്നുപേരിൽ ഒരാളുടെ നില ഗുരുതരമാണ്. ഇയാളെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്കും മറ്റ് രണ്ടുപേരെ കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളേജിലേക്കും മാറ്റി. സ്കൂട്ടർ യാത്രക്കാരൻ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. പാരിപ്പള്ളി പൊലീസ് കേസെടുത്തു.