പുനലൂർ: അശാസ്ത്രീയമായ ഓട നിർമ്മാണം മൂലം കനത്ത മഴ പെയ്താൽ കൊല്ലം - തിരുമംഗലം ദേശീയ പാത കടന്ന് പോകുന്ന പുനലൂർ ടൗണിൽ വെള്ളക്കെട്ട് രൂപപ്പെടുകയാണെന്ന് കാൽനട യാത്രക്കാരുടെയും വ്യാപാരികളുടെയും പരാതി. കെ.എസ്.ആർ.ടി.സി ബസ് ഡിപ്പോയ്ക്ക് മുകൾ ഭാഗത്തുകൂടി കടന്ന് പോകുന്ന റോഡിലും സമീപ പ്രദേശങ്ങളിലും കഴിഞ്ഞ ദിവസം വൈകിട്ട് പെയ്ത കനത്ത മഴയിൽ വെള്ളക്കെട്ട് രൂപപ്പെട്ടിരുന്നു. വ്യാപാരശാലകളിൽ ആളുകൾക്ക് കടന്ന് ചെല്ലാൻ കഴിയാത്ത വിധം റോഡിൽ വെള്ളം ഉയർന്നു. ആറ് മാസം മുമ്പാണ് 2.25 കോടി രൂപ ചെലവഴിച്ച് ടൗണിലെ റോഡ് നവീകരിച്ചതും പുതിയ ഓടയും നടപ്പാതയും നിർമ്മിച്ചതും. അശാസ്ത്രീയ ഓട നിർമ്മാണമാണ് നടത്തുന്നതെന്ന് ആരോപിച്ച് അന്ന് വ്യാപാരികളും കാൽനട യാത്രക്കാരും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.