കൊട്ടാരക്കര: താലൂക്ക് ആസ്ഥാനമായ കൊട്ടാരക്കര ടൗണിൽ ലക്ഷങ്ങൾ മുടക്കി സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റ് പ്രകാശിക്കാതായിട്ട് ദിവസങ്ങളേറെയായെന്ന് പരാതി. തിരക്കേറിയ മാർക്കറ്റ് ജംഗ്ഷൻ സന്ധ്യമയങ്ങിയാൽ ഇരുട്ടിലാകുന്ന അവസ്ഥയാണ്. നാട്ടുകാരുടെയും വ്യാപാരികളുടെയും പ്രതിഷേധം ശക്തമാകുമ്പോൾ അറ്റകുറ്റപ്പണി നടത്തി ഹൈമാസ്റ്റ് ലൈറ്റ് പ്രവർത്തനക്ഷമമാക്കും. ആറുമാസത്തിനകം വീണ്ടും തകരാറിലാകും. സാധാരണ ടൗണിലെ വ്യാപാര സ്ഥാപനങ്ങളിലെ ലൈറ്റുകൾ രാത്രിയിൽ ഉപകാരപ്പെടാറുണ്ടെങ്കിലും എട്ടുമണിയോടെ കടകൾ അടക്കുമ്പോൾ കാൽനട, വാഹന യാത്രക്കാർ ബുദ്ധിമുട്ടിലാവും. എത്രയും വേഗം ഹൈമാസ്റ്റ് ലൈറ്റ് നന്നാക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.