പരിശോധനകൾ നിലച്ചു
കൊല്ലം: പരിശോധനകൾ കുറഞ്ഞതോടെ ജില്ലയിൽ കരിഞ്ചന്തയും മായംചേർക്കലും വ്യാപകമാകുന്നു. മായം ചേർക്കലിൽ വെളിച്ചെണ്ണയാണ് മുന്നിൽ. മറ്റ് നിത്യോപയോഗ സാധനങ്ങളും ഇതിൽ ഉൾപ്പെടും.
വിജിലൻസിന്റെയും അളവുതൂക്ക വിഭാഗത്തിന്റെയും ഭക്ഷ്യസുരക്ഷാ വകുപ്പിന്റെയും പരിശോധനകൾ പേരിലൊതുങ്ങിയതാണ് ഇത്തരക്കാർക്ക് ഗുണകരമായത്.
മായം ചേർത്ത ഭക്ഷ്യസാധനങ്ങൾ ആരോഗ്യത്തിനും ഭീഷണിയാണ്. കാൻസർ, ഉദര രോഗങ്ങൾ ഉൾപ്പെടെയുള്ളവയ്ക്ക് ഇത് കാരണമാകും. അരി, എണ്ണ, മുളകുപൊടി, പാൽ, മധുരപലഹാരങ്ങൾ എന്നിവയിലാണ് കൂടുതലായും മായം ചേർക്കുന്നത്. തമിഴ്നാട്, കർണാടക, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നാണ് മായം ചേർത്ത ഭക്ഷ്യവസ്തുക്കൾ കൂടുതലായി എത്തുന്നത്. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ സഞ്ചരിക്കുന്ന മൊബൈൽ ടെസ്റ്റിംഗ് ലാബ് ഉണ്ടെങ്കിലും ഫലപ്രദമല്ല.
വില തോന്നിയപോലെ
പാണ്ടി വറ്റൽ മുളകിന് കിലോയ്ക്ക് 170രൂപ വാങ്ങുമ്പോൾ ചിലയിടത്ത് 190 രൂപ നൽകണം. 160 രൂപയ്ക്ക് വിൽക്കുന്ന കടകളുമുണ്ട്. ഒരുമാസത്തിലേറെയായി സവാള വില കുറഞ്ഞിട്ടും ഇപ്പോഴും 35 - 40 രൂപയ്ക്ക് വിൽക്കുന്നവരുണ്ട്. 100 രൂപയ്ക്ക് അഞ്ചു കിലോ സവാള ലഭ്യമാണെന്നിരിക്കെയാണ് ഈ കൊള്ള. ചെറിയ ഉള്ളി വിലയിലും സമാന തട്ടിപ്പാണ് നടക്കുന്നത്. ചിലയിടത്ത് 35 രൂപ വാങ്ങുമ്പോൾ 40 മുതൽ 50 രൂപ വരെ വാങ്ങുന്ന കച്ചവടക്കാരുമുണ്ട്. അളവിലും പറ്റിക്കുന്നവർ ഏറെ. കേര വെളിച്ചെണ്ണയൊഴികെ മറ്റുള്ളവയ്ക്കെല്ലാം പലവിലയാണ്. 190 മുതൽ 240 രൂപവരെയാണ് ഒരു ലിറ്ററിന് ഈടാക്കുന്നത്.
ആളിക്കത്തി വിളക്കെണ്ണ
അടുത്തിടെ ചാത്തന്നൂരിലെ ഒരു ക്ഷേത്രത്തിൽ വിളക്കെണ്ണ ആളിക്കത്തിയ സംഭവവും ഉണ്ടായിട്ടുണ്ട്. വലിയതോതിൽ മായം കലർന്നതിനാൽ 80 ശതമാനം പേരും വിളക്കെണ്ണ ഉപേക്ഷിച്ചു. വിലയും വർദ്ധിച്ചുണ്ട്. നേരത്തെ സ്വർണ നിറമായിരുന്ന എണ്ണ ഇപ്പോൾ കറുത്താണ് വരുന്നത്. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധനയിൽ നിന്ന് ഒഴിവാകുന്നതിനാണ് വിളക്കെണ്ണയെന്ന പേരിൽ വിൽപ്പന നടത്തുന്നത്.
കർപ്പൂരം കത്തിയാൽ വെള്ളം
വില കൂടിയതിനൊപ്പം കർപ്പൂരത്തിലും മായം വ്യാപകമാണ്. മായം ചേർത്ത കർപ്പൂരം കത്തിച്ചാൽ കരികലർന്ന പുക വരുകയും വെള്ളമായി മാറുകയും ചെയ്യും. എത്ര കർപ്പൂരം കത്തിച്ചാലും നിമിഷം കൊണ്ട് വെള്ളമാകും. 100 ഗ്രാം കർപ്പൂരത്തിന് 270 രൂപയാണ് വില. നല്ല കർപ്പൂരവും ഇതേ വിലയിൽ ലഭിക്കുന്നുണ്ടെങ്കിലും വ്യാജനാണ് കൂടുതൽ.
മറ്റ് തട്ടിപ്പുകൾ ഇങ്ങനെ
1. മറയൂർ ശർക്കരയെന്ന പേരിൽ നിലവാരമില്ലാത്തവ
2. കീടനാശിനി സാന്നിദ്ധ്യമുണ്ടെന്ന് കണ്ടെത്തിയവ വീണ്ടും വിപണിയിൽ
3. ഉപ്പിൽ മണൽ പൊടിയുടെ സാന്നിദ്ധ്യം
4. സോപ്പും പേസ്റ്റും വില കുറയ്ക്കാതെ അളവിൽ കുറയ്ക്കുന്നു
5. തരി പഞ്ചസാരയ്ക്ക് പകരം മധുരം കുറഞ്ഞ പൊടി പഞ്ചസാര
6. ചില്ലറ തേയിലയിൽ തേയില വേസ്റ്റുകൾ
''
കരിഞ്ചന്തയും മായവും ശ്രദ്ധയിൽ പെട്ടാൽ അടിയന്തര നടപടിയെടുക്കും. പരിശോധനകൾ ഇന്ന് മുതൽ കർക്കശമാക്കും.
ബി. അബ്ദുൽ നാസർ
ജില്ലാ കളക്ടർ