ഓച്ചിറ: ഓച്ചിറയിലും പരിസര പ്രദേശങ്ങളിലും കക്കൂസ് മാലിന്യങ്ങളുടെ നിക്ഷേപം വീണ്ടും വ്യാപകമാകുന്നതായി നാട്ടുകാരുടെ പരാതി. ഓച്ചിറ പായിക്കുഴി വേലശേരിൽ വീട്ടിൽ ഋഷികേശൻ തമ്പിയുടെ പഞ്ചായത്ത് റോഡിനോട് ചേർന്ന മീൻ വളർത്തുന്ന കുളത്തിൽ സാമൂഹ്യവിരുദ്ധർ ഇന്നലെ മാലിന്യം നിക്ഷേപിച്ചു. കഴിഞ്ഞ മാസം 10ന് രാത്രിയിലും കുളം വറ്റിച്ച് മീൻ പിടിക്കാൻ ഒരുങ്ങുന്നതിനിടെ ഇവിടെ മാലിന്യം തള്ളിയിരുന്നു.
ഓച്ചിറ പൊലീസിൽ പരാതി നൽകിയെങ്കിലും ഇതുവരെ കുറ്റക്കാരെ കണ്ടെത്താനായിട്ടില്ല. ഓച്ചിറ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ കക്കൂസ് മാലിന്യം നിക്ഷേപിക്കുന്നത് പതിവാണെന്ന് നാട്ടുകാർ പറയുന്നു. ജനവാസകേന്ദ്രത്തിന് നടുവിൽ സ്ഥിതിചെയ്യുന്ന കുളത്തിൽ മാലിന്യം നിക്ഷേപിക്കുന്നത് സമീപവാസികൾക്കും ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. ഇതിനെതിരെ പ്രക്ഷോഭം സംഘടിപ്പിക്കാനൊരുങ്ങുകയാണ് പ്രദേശവാസികൾ.
കക്കൂസ് മാലിന്യം എത്തിക്കുന്നത് ലോറിയിൽ
ഓച്ചിറയുടെ വിവിധ ഭാഗങ്ങളിൽ രാത്രിയിൽ ലോറികളിൽ കൊണ്ടുവരുന്ന മാലിന്യം നിക്ഷേപിക്കുന്നത് നിത്യ സംഭവമാണ്. കക്കൂസ് മാലിന്യം നിക്ഷേപിക്കുന്ന ലോറികൾ കണ്ടെത്തുന്നതിൽ തികഞ്ഞ അനാസ്ഥയാണ് അധികൃതർ കൈക്കൊള്ളുന്നതെന്ന് ആക്ഷേപമുണ്ട്. ദേശീയപാതയോരത്തെ കല്ലൂർമുക്കിന് തെക്ക് വശത്തുള്ള ഭാഗം സ്ഥിരമായി മാലിന്യം നിക്ഷേപിക്കുന്ന കേന്ദ്രമായിരുന്നു. സമീപവാസികൾ ഇവിടെ സി.സി ടി.വി സ്ഥാപിച്ചതോടെയാണ് മാലിന്യനിക്ഷേപം നിന്നത്.
ഒാച്ചിറയിലെ മാലിന്യനിക്ഷേപം ഗൗരവമേറിയ വിഷയമാണ്. ജനമൈത്രി പൊലീസിന്റെയും നാട്ടുകാരുടെയും സഹകരണത്തോടെ ഇത് തടയാൻ കർശന നടപടി സ്വീകരിക്കും.
എ. അജ്മൽ, ഗ്രാമ പഞ്ചായത്തംഗം, ഓച്ചിറ
പൊതുകുളങ്ങളും ജലാശയങ്ങളും മലിനമാക്കുന്നവർക്കെതിരെ പഞ്ചായത്ത് രാജ് നിയമങ്ങൾ ചുമത്തി കേസെടുക്കണം. ഉന്നത അധികാരികൾക്ക് പലതവണ പരാതി നൽകിയെങ്കിലും നടപടി സ്വീകരിച്ചിട്ടില്ല.
സലിം അമ്പീത്തറ, മുൻ ഗ്രാമ പഞ്ചായത്തംഗം, തഴവ