കൊവിഡ് ബാധിതർ വീണ്ടും ആയിരം കടന്നു
കൊല്ലം: കൊവിഡ് ബാധിതരുടെ എണ്ണം ജില്ലയിൽ വീണ്ടും ആയിരം കടന്നതിനിടെ രോഗമുക്തിനിരക്കും കുറയുന്നു. കൊവിഡിന്റെ രണ്ടാം വരവ് ഗുരുതര സാഹചര്യമാണ് സൃഷ്ടിച്ചിരിക്കുന്നത്.
പ്രതിദിന കണക്കുകളിൽ കഴിഞ്ഞ മാസം പതിനൊന്നിന് 152 പേരായിരുന്നിടത്ത് ഞായറാഴ്ച 304ലേക്ക് ഉയർന്നു. ഈ മാസം ഒന്നിന് സജീവ രോഗികളുടെ എണ്ണം 679 ആയിരുന്നു. രോഗമുക്തി കുറഞ്ഞതോടെ എണ്ണം ക്രമാനുഗതമായി ഉയർന്ന് 1,019 ലേക്കെത്തി.
മറ്റുജില്ലകളെ അപേക്ഷിച്ച് സജീവരോഗികളുടെ എണ്ണത്തിൽ കുറവുണ്ടെങ്കിലും നിയന്ത്രണങ്ങളിലെ ഇളവ് ആശങ്ക വർദ്ധിപ്പിക്കുന്നു. സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ച ശേഷവും ആദ്യഘട്ടത്തിൽ ജില്ലയിൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നില്ല. മറ്റ് ജില്ലകളിൽ കൊവിഡ് ഉയർന്നപ്പോഴും ജില്ല ആശ്വാസത്തിലായിരുന്നു. എന്നാൽ പിന്നീട് സംസ്ഥാനത്ത് ഏറ്റവും കൂടുതൽ രോഗികളുള്ള ജില്ലയായി കൊല്ലം മാറി. സമാന രീതിയിൽ രോഗമുക്തി കുറഞ്ഞാൽ വരും ദിവസങ്ങളിൽ സജീവരോഗികളുടെ എണ്ണത്തിൽ വൻ വർദ്ധനവുണ്ടായേക്കും.
ഇതുവരെ രോഗം സ്ഥിരീകരിച്ചത്: 94,890
രോഗമുക്തി: 93,491
സജീവ രോഗികൾ: 1,019
മരണം: 356
ഈ മാസം ഇന്നലെ വരെ മരണം: 16
ദിവസം - രോഗസ്ഥിരീകരണം - രോഗമുക്തി - സജീവ രോഗികൾ
മാർച്ച് 28 - 127 - 148 - 600
ഏപ്രിൽ 4 - 148 - 210 - 644
ഏപ്രിൽ 11 - 304 - 208 - 1,019